കേരളം
ആലുവയില്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ മകളായ ഒന്‍പതാം ക്ലാസുകാരിയെ കാണാതായതില്‍ പൊലീസ് അന്വേഷണം തുടരുന്നു
ആലുവയില്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ മകളായ ഒന്‍പതാം ക്ലാസുകാരിയെ കാണാതായതില്‍ പൊലീസ് അന്വേഷണം തുടരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് പെണ്‍കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങി പോയത്. ഇടയ്ക്ക് അമ്മയെ വിളിച്ച മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. ആലുവ മുട്ടത്ത് താമസിക്കുന്ന അസം സ്വദേശികളുടെ മകള്‍ ഒന്‍പതാം ക്ലാസുകാരി സല്‍മാ ബീഗത്തെയാണ് തിങ്കളാഴ്ച മുതല്‍ കാണാതായത്. പെണ്‍കുട്ടിക്ക് പതിനെട്ട് വയസുണ്ടെന്നും വീട്ടില്‍ നിന്ന് രാവിലെ ഇറങ്ങി ബസില്‍ കയറി പോവുകയായിരുന്നുവെന്നും കുട്ടിയുടെ അമ്മ രഹന ബീഗം പറഞ്ഞു.
വൈകുന്നേരമായിട്ടും തിരിച്ചുവരാതായതോടെയാണ് പൊലീസിന് പരാതി നല്‍കിയത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയ ആലുവ പൊലീസ് പെണ്‍കുട്ടിയെ കുറിച്ചുള്ള വിവരങ്ങളും വീട്ടില്‍ നിന്ന് പോയസമയത്ത് ധരിച്ച വേഷമേതാണെന്നുമടക്കം ചോദിച്ചു മനസിലാക്കി. ഫോണോ സിം കാര്‍ഡോ കൈവശമില്ലാത്ത പെണ്‍കുട്ടി ഒരു തവണ പരിചിതമല്ലാത്തൊരു നമ്പറില്‍ നിന്ന് വിളിച്ചെന്നും, ആ ഫോണ്‍ നമ്പര്‍ പൊലീസിന് കൈമാറിയെന്നും അമ്മ പറഞ്ഞു. അസം സ്വദേശിയായ യുവാവിനെ പെണ്‍കുട്ടിക്ക് നേരത്തെ പരിചയമുണ്ടായിരന്നു. എന്നാല്‍, ഇയാളുടെ അടുത്തേക്ക് പോയിട്ടില്ലെന്നും അമ്മ സ്ഥിരീകരിക്കുന്നു. ഇടയ്ക്ക് വിളിച്ച ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചാണ് പൊലീസിന്‍റെ പ്രധാന അന്വേഷണം.