കേരളം
ഇലക്ടറല്‍ ബോണ്ട്: വിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍; പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സമര്‍പ്പിച്ച ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. സുപ്രീം കോടതി നിര്‍ദേശ പ്രകാരം ഇലക്ട്രല്‍ ബോണ്ടിലെ വിവരങ്ങള്‍ ഇന്നലെ എസ്ബിഐ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരുന്നു.
ഡിജിറ്റല്‍ രൂപത്തിലാണ് എസ്ബിഐ വിവരങ്ങള്‍ കൈമാറിയിട്ടുള്ളത്. ലോക്‌സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി ജമ്മുകശ്മീരില്‍ സന്ദര്‍ശനം നടത്തുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ സന്ദര്‍ശം പൂര്‍ത്തിയാക്കി ഇന്ന് വൈകീട്ടോടെ ഡല്‍ഹിയിലെത്തും. എസ്ബിഐ വിവരങ്ങള്‍ സമര്‍പ്പിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ എക്‌സിലൂടെ അറിയിച്ചിരുന്നു.
ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ ഈ മാസം 15 ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ഇല്ലെങ്കില്‍ കോടതി അലക്ഷ്യ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതിനാല്‍ തന്നെ എസ്ബിഐ നല്‍കിയ വിവരങ്ങള്‍ ക്രോഡീകരിച്ച് പതിനഞ്ചിനുള്ളില്‍ പ്രസീദ്ധീകരിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന് വെല്ലുവിളിയാകുമെന്നാണ് സൂചന. സുപ്രീം കോടതിയില്‍ മുദ്രവച്ച കവറില്‍ നല്‍കിയ വിവരങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെളിപ്പെടുത്തും.