കേരളം
കേരളത്തിന് ആശ്വാസം; 13,600 കോടി കടമെടുക്കാന്‍ അനുമതി
സാമ്പത്തിക പ്രതിസന്ധിയില്‍ കേരളത്തിന് ആശ്വാസം. 13,600 കോടി കടമെടുക്കാന്‍ കേരള സര്‍ക്കാരിന് കേന്ദ്രം അനുമതി നല്‍കി. കടമെടുപ്പു പരിധി വെട്ടിക്കുറച്ച കേന്ദ്രത്തിന്റെ നടപടിക്കെതിരെ കേരളം സമര്‍പ്പിച്ച ഹര്‍ജിയിലെ വാദത്തിനിടെയാണ്, കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഇക്കാര്യം അറിയിച്ചത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായി 26,000 കോടി കടമെടുക്കാന്‍ അനുമതി നല്‍കാന്‍ ഉത്തരവിടണമെന്നായിരുന്നു കേരളം ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഇതിലാണ് 13,600 കോടി കടമെടുക്കാന്‍ കോടതി അനുമതി. ബാക്കി തുക കടമെടുക്കുന്നതിന് കേന്ദ്രസര്‍ക്കാരും കേരളവും തമ്മില്‍ ചര്‍ച്ച നടത്തി ധാരണയിലെത്താനും കോടതി നിര്‍ദേശിച്ചു.
നേരത്തെ സംസ്ഥാന ധനമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയതില്‍ കേന്ദ്രസര്‍ക്കാര്‍ അതൃപ്തി അറിയിച്ചിരുന്നു. സുപ്രീംകോടതിയിലെ ഹര്‍ജി പിന്‍വലിച്ചാല്‍ കടമെടുക്കാനുള്ള അനുമതി നല്‍കാമെന്ന ഉപാധിയും മുന്നോട്ടുവെച്ചിരുന്നു. ഉപാധി മാറ്റാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു.
കേരളത്തില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ്. രണ്ടു ആഴ്ചകള്‍ കൂടി കഴിഞ്ഞാല്‍ ഈ സാമ്പത്തിക വര്‍ഷം വായ്പ എടുക്കാന്‍ കഴിയില്ല. അതിനാല്‍ 15,000 കോടി കൂടി വായ്പ എടുക്കാന്‍ അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ഇന്നു വൈകീട്ടു തന്നെ കേന്ദ്രവും കേരളവും തമ്മില്‍ ചര്‍ച്ച നടത്തി തീരുമാനം അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ഏതെങ്കിലും വിഷയത്തില്‍ സാമ്പത്തിക പ്രശ്‌നമുണ്ടെങ്കില്‍ പരിഹരിക്കാന്‍ കേന്ദ്രം ഇടപെടണമെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഒരു സംസ്ഥാനം മറ്റെല്ലാ സംസ്ഥാനങ്ങളുടേയും സാമ്പത്തിക സ്ഥിതിയെ തകിടം മറിക്കുന്ന തരത്തില്‍ കടമെടുക്കാന്‍ പാടില്ലെന്നാണ് കേന്ദ്രം വാദിച്ചത്. കേരളത്തിന്റെ ആകെ ബജറ്റ് 1,84,000 കോടിയാണ്. കേരളത്തിന്റെ വരുമാനം 90,000 കോടി മാത്രമാണെന്നും കേന്ദ്രസര്‍ക്കാര്‍ വാദിച്ചു.