കേരളം
വനം വകുപ്പിൽ അഴിച്ചു പണി ; ഭരണ ചുമതലയുണ്ടായിരുന്ന ഫണീന്ദ്രകുമാർ റാവുവിനെ മാറ്റി
വനം വകുപ്പിൽ ഭരണ ചുമതലയുണ്ടായിരുന്ന ഫണീന്ദ്രകുമാർ റാവുവിനെ ചുമതലയിൽ നിന്ന് മാറ്റി. വനം വകുപ്പുമായി ബന്ധപ്പെട്ട് തുടർച്ചയായി വിവാദങ്ങൾ ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് മാറ്റത്തിനുള്ള നിർദേശം. ജീവനക്കാരുടെ സംഘടനാ നേതാക്കളുമായുള്ള അഭിപ്രായവ്യത്യാസം അടക്കമുള്ള പ്രശ്നങ്ങളെ തുടർന്ന് ഭരണവിഭാഗത്തിന്റെ ചുമതലമുണ്ടായിരുന്ന ഫണിന്ദ്രകുമാർ റാവു ഐ.എഫ്.എസ് രണ്ടുമാസത്തോളമായി അവധിയിലായിരുന്നു. ഇത് വകുപ്പിൽ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയത്.
മുൻപ് വനം വകുപ്പ് വിജിലൻസിന്റെ ചുമതല ഉണ്ടായിരുന്ന പ്രമോദ് ജി കൃഷ്ണൻ ഐഎഫ്എസിനാണ് ഇപ്പോൾ ഭരണവിഭാഗത്തിന്റെ ചുമതല നൽകിയിരിക്കുന്നത്. വിജിലൻസിന്റെ ചുമതല എൽ.ചന്ദ്രശേഖർ ഐ എഫ് എസിനും സാമൂഹ്യ വനവൽക്കരണ വിഭാഗത്തിന്റെ അധികചുമതല സഞ്ജയൻ കുമാർ ഐഎഫ്എസിനും നൽകി. ഇന്നലെ വൈകിട്ടാണ് ചുമതലകൾ മാറ്റി നൽകിക്കൊണ്ട് ഉത്തരവ് ഇറങ്ങിയത്.
മനുഷ്യ വന്യജീവി സംഘർഷം അടക്കമുള്ള വിഷയങ്ങളിൽ വനം വകുപ്പിന്റെ വീഴ്ച പറ്റിയെന്ന് വിലയിരുത്തലിനെ തുടർന്നാണ് അഴിച്ചുപണി. ജനകീയ പ്രതിഷേധങ്ങൾ നേരിടേണ്ടി വന്നതിനെ തുടർന്ന് മുഖ്യമന്ത്രി അഴിച്ചു പണിക്കു നിർദ്ദേശിച്ചിരുന്നു. വകുപ്പ് മന്ത്രിയുടെ പാർട്ടി നിയന്ത്രണത്തിലുള്ള ജീവനക്കാരുടെ സംഘടന നേതാക്കളുമായുള്ള ഉന്നത ഉദ്യോഗസ്ഥരുടെ അഭിപ്രായവ്യത്യാസം വകുപ്പിന്റെ പ്രവർത്തനത്തെ ബാധിച്ചിരുന്നു. ഉന്നത ഉദ്യോഗസ്ഥനിരയിലുണ്ടായ അഴിച്ചുപണിയോടെ ഈ പ്രശ്നത്തിനും പരിഹാരം ഉണ്ടാകുമെന്നാണ് കരുതുന്നത്.