ദേശീയം
കോവിഡ് രോഗിയുണ്ടെന്ന് വീടിനു മുന്നില്‍ പോസ്റ്റര്‍ പതിക്കരുത്: സുപ്രീം കോടതി
കോവിഡ് രോഗികള്‍ താമസിക്കുന്ന സ്ഥലത്തിനുപുറത്ത് പോസ്റ്റര്‍ ഒട്ടിക്കുന്നതിനെതിരേ സുപ്രീംകോടതി.
ഇത്തരം നടപടി രോഗികളോട് അയിത്തമുണ്ടാക്കാന്‍ കാരണമാകുമെന്ന് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
പോസ്റ്ററൊട്ടിക്കണമെന്ന് ചട്ടങ്ങളിലില്ലെന്നും മറ്റുള്ളവരുടെ സുരക്ഷയെ കരുതിയാണ് ചില സംസ്ഥാനങ്ങള്‍ അങ്ങനെ ചെയ്യുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. കേന്ദ്രത്തിന്റെ മറുപടി ലഭിച്ചശേഷം വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിക്കും.
കോവിഡ് രോഗികളുടെ വീടിനുപുറത്ത് പോസ്റ്ററുകള്‍ ഒട്ടിക്കുന്നത് ഒഴിവാക്കാന്‍ മാര്‍ഗരേഖ ഇറക്കുന്നത് പരിഗണിക്കണമെന്ന് നവംബര്‍ അഞ്ചിനു സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. കുഷ് കാല്‍റ എന്നയാള്‍ നല്‍കിയ പരാതിയിലാണ് നടപടി.
കോവിഡ് രോഗികളുടെ വീടിനുപുറത്ത് പോസ്റ്ററൊട്ടിക്കുന്നത് നിര്‍ത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി ഡല്‍ഹിയിലെ എ.എ.പി സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.