ദേശീയം
‘ഇന്ന് നീതി ലഭിച്ചു’; ബിൽക്കിസ് ബാനോ കേസിൽ സുപ്രീം കോടതി വിധിയിൽ സാക്ഷി
ഇന്നത്തെ സുപ്രീം കോടതി വിധിയോടെ ബിൽക്കിസ് ബാനോവിന് നീതി ലഭിച്ചുവെന്ന കേസിലെ സാക്ഷി. ഗുജറാത്ത് സർക്കാരിന്റെ തീരുമാനം സുപ്രീം കോടതി റദ്ദാക്കുകയും കുറ്റവാളികളോട് കീഴടങ്ങാൻ ആവശ്യപ്പെടുകയും ചെയ്തതിൽ സന്തോഷമുണ്ടെന്നും പ്രതികരണം. സുപ്രീം കോടതി വിധിയിൽ ബാനോവിന്റെ ബന്ധുക്കൾ പടക്കം പൊട്ടിച്ചാണ് സന്തോഷം പ്രകടിപ്പിച്ചത്.
‘കേസിലെ സാക്ഷികളിൽ ഒരാളാണ് ഞാൻ. ഈ 11 പ്രതികൾക്ക് മഹാരാഷ്ട്ര കോടതിയാണ് ശിക്ഷ വിധിച്ചത്. ഇവരെ വിട്ടയക്കാനുള്ള ഗുജറാത്ത് സർക്കാരിന്റെ തീരുമാനം തെറ്റായിരുന്നു. അതുകൊണ്ടാണ് ഞങ്ങൾ അതിനെ കോടതിയിൽ ചോദ്യം ചെയ്തത്. ഗുജറാത്ത് സർക്കാരിന്റെ തീരുമാനം സുപ്രീം കോടതി റദ്ദാക്കുകയും കുറ്റവാളികളോട് കീഴടങ്ങാൻ ആവശ്യപ്പെടുകയും ചെയ്തതിൽ സന്തോഷമുണ്ട്. ഞങ്ങൾക്ക് ഇന്ന് നീതി ലഭിച്ചു’- കേസിലെ സാക്ഷികളിലൊരാളായ അബ്ദുൾ റസാഖ് മൻസൂരി പറഞ്ഞു.
ഗുജറാത്തിലെ ദേവഗഡ് ബാരിയയിലുള്ള ബിൽക്കിസ് ബാനോയുടെ അകന്ന ബന്ധുക്കൾ പടക്കം പൊട്ടിച്ചാണ് സുപ്രീം കോടതി വിധിയെ സ്വീകരിച്ചത്. 2002 ലെ ഗുജറാത്ത് കലാപത്തിൽ ബിൽക്കിസ് ബാനോയെ കൂട്ടബലാത്സംഗം ചെയ്യുകയും അവരുടെ ഏഴ് കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ട 11 പേരുടെ ശിക്ഷാ ഇളവ് സുപ്രീം കോടതി നേരത്തെ റദ്ദാക്കുകയും രണ്ടാഴ്ചയ്ക്കകം കീഴടങ്ങാനും ഉത്തരവിട്ടിരുന്നു.