കേരളം
വണ്ടിപ്പെരിയാർ കേസ്; പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് മുഖ്യമന്ത്രി
വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് മുഖ്യമന്ത്രി. വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിനാണ് മുഖ്യമന്ത്രി ഇത് സംബന്ധിച്ച് ഉറപ്പ് നൽകിയത്. ഇത് സംബന്ധിച്ച് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനുമായി ആലോചിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എസ്‌സി, എസ്ടി ആക്ട് പ്രകാരമുള്ള വകുപ്പുകൾ എഫ്ഐആറിൽ ചേർക്കണമെന്നും കേസിൽ പുനരന്വേഷണം വേണമെന്നും കുടുംബം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുമായി പെൺകുട്ടിയുടെ കുടുംബം കൂടിക്കാഴ്ച നടത്തിയിരുന്നു.
വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയെ കൊല്ലപ്പെടുത്തിയ കേസിൽ പ്രതിയെ വെറുതെ വിട്ട സാഹചര്യത്തിലായിരുന്നു കേസിലെ ആശങ്ക അറിയിക്കാൻ കുടുംബം മുഖ്യമന്ത്രിയെ നേരിൽ കണ്ടത്. മതിയായ തെളിവുകൾ ഉണ്ടായിട്ടും വിചാരണയിൽ പ്രതി ശിക്ഷിക്കപ്പെടാത്തതിൽ പ്രോസിക്യൂഷൻ വീഴ്ച ഉണ്ടെന്ന നിലപാടിലാണ് കുടുംബം. പുതിയ പ്രോസിക്യൂട്ടർ വേണമെന്ന ആവശ്യത്തിൽ മുഖ്യമന്ത്രിയും അനുകൂല നിലപാട് സ്വീകരിക്കുകയായിരുന്നു.
ഇതിനിടെ കേസുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്തുള്ള ആളുമായുള്ള റിപ്പോർട്ടർ അഭിമുഖത്തെ പെൺകുട്ടിയുടെ അമ്മ അഭിനന്ദിച്ചിരുന്നു. പ്രതിയുമായി റിപ്പോർട്ടർ ചാനൽ കൺസൾട്ടിംഗ് എഡിറ്റർ ഡോക്ടർ അരുൺകുമാർ നടത്തിയ അഭിമുഖത്തെ പെൺകുട്ടിയുടെ അമ്മ അഭിനന്ദിച്ചു. അഭിമുഖം പ്രതിയെ തുറന്നു കാണിച്ചെന്നും പെൺകുട്ടിയുടെ അമ്മ പറഞ്ഞു. പ്രതിയുടെ പല നുണകളും അഭിമുഖത്തിൽ പൊളിഞ്ഞു വീണു. അർജുൻ തന്നെയാണ് കൊലപാതകം നടത്തിയത് എന്ന് തെളിയിക്കുന്നതായിരുന്നു അഭിമുഖം എന്നും കുട്ടിയുടെ അമ്മ അഭിപ്രായപ്പെട്ടു.