കേരളം
ഒമൈക്രോണ്‍ ഉപവകഭേദം ; ആശങ്കപ്പെടേണ്ട സാഹചര്യമില്ല: ആരോഗ്യമന്ത്രി
സംസ്ഥാനത്ത് ഒമൈക്രോണ്‍ ഉപവകഭേദം പടരുന്നതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിതാന്ത ജാഗ്രതയിലൂടെയാണ് ഉപവകഭേദം കണ്ടെത്തിയതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ‘ആശങ്കപ്പെടേണ്ട സാഹചര്യമില്ല. കണ്ടെത്തിയത് ഉപവകഭേദമാണ്. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. എന്നാല്‍ ജാഗ്രത ഉണ്ടാകണം. പ്രത്യേകിച്ച് മറ്റു രോഗങ്ങള്‍ ഉള്ളവര്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം.’ – വീണാ ജോര്‍ജ് പറഞ്ഞു.
കോവിഡിന്റെ പുതിയ ഉപവകഭേദം ‘ജെഎന്‍.1’ സംസ്ഥാനത്ത് സ്ഥിരീകരിച്ചതായി കേന്ദ്രസര്‍ക്കാരാണ് അറിയിച്ചത്. തിരുവനന്തപുരം സ്വദേശിയായ 79കാരിക്കാണ് കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതെന്ന് ഐസിഎംആര്‍ വ്യക്തമാക്കി. പിന്നാലെ കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രതയും തയാറെടുപ്പും ശക്തമാക്കി.
ആര്‍ടിപിസിആര്‍ പരിശോധനയിലാണ് 79കാരന് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. നവംബര്‍ 18നു കോവിഡ് സ്ഥിരീകരിച്ച സാംപിളില്‍ നടത്തിയ ജനിതക പരിശോധനയുടെ ഫലം 13നാണ് ലഭ്യമായത്. നേരത്തെ സിംഗപ്പൂരില്‍ നിന്നെത്തിയ തമിഴ്‌നാട് സ്വദേശിക്ക് ജെഎന്‍1 കണ്ടെത്തിയിരുന്നു.