കേരളം
തിരുവല്ലയില്‍ ശുചിമുറിയില്‍ പ്രസവിച്ച നവജാത ശിശുവിന്‍റെ മരണം ക്രൂര കൊലപാതകം ; അമ്മ അറസ്റ്റില്‍
പത്തനംതിട്ട തിരുവല്ലയില്‍ യുവതി ശുചിമുറിയില്‍ പ്രസവിച്ച കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പോലീസ്. സംഭവത്തില്‍ കുഞ്ഞിന്‍റെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ലയിൽ ഗര്‍ഭം രഹസ്യമാക്കി വച്ച യുവതി ശുചിമുറിയിൽ പ്രസവിച്ചു കുഞ്ഞ് മരിച്ച സംഭവത്തിലാണ് കൊലപാതകമാണെന്ന് വ്യക്തമായത്. കുഞ്ഞിനെ ഒഴിവാക്കുന്നതിനായി യുവതി വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ പത്തനംതിട്ട വെട്ടിപ്പുറം സ്വദേശി നീതു (20) ആണ് അറസ്റ്റിൽ ആയത്. ഈ മാസം ആദ്യമാണ് സംഭവം.
അവിവാഹിത ആയ ഇവർ വാടക വീട്ടിലെ ശുചിമുറിയിൽ ആണ് പ്രസവിച്ചത്. സംഭവത്തിനുശേഷം കുഞ്ഞിനെ പോസ്റ്റ്മോര്‍ട്ടത്തിനു വിധേയമാക്കിയിരുന്നു. ഇതില്‍ നവജാത ശിശുവിന്‍റേത് മുങ്ങി മരണമാണെന്ന് വ്യക്തമായിരുന്നു. അസ്വഭാവിക മരണത്തിന് കേസെടുത്ത പോലീസ് കുഞ്ഞിന്‍റെ അമ്മ നീതുവിനെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിലാണ് കുഞ്ഞിന്‍റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്.
കുഞ്ഞിനെ ഒഴിവാക്കുന്നതിനായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് നീതു പൊലീസിനോട് സമ്മതിച്ചു.തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ താൽക്കാലിക ജീവനക്കാരിയാണ് നീതു. ആശുപത്രിയിലെ മുൻജീവനക്കാരനായ കാമുകനിൽ നിന്ന് ഗർഭിണിയായത് ഇവർ മറച്ചുവെയ്ക്കുകയായിരുന്നു. ഗര്‍ഭിണിയായ വിവരം പുറത്തറിയാതിരിക്കാനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് യുവതിയെ വിശദമായ ചോദ്യം ചെയ്യുകയാണ് പൊലീസ്.