കേരളം
കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍ കേസ് ; പ്രതികളെ ഡിസംബര്‍ 15 വരെ റിമാന്റ് ചെയ്തു
ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികളെ ഡിസംബര്‍ 15 വരെ റിമാന്റ് ചെയ്തു. പദ്മകുമാറിനെ കൊട്ടാരക്കര സബ് ജയിലിലും അനിതയും അനുപമയെയും എന്നിവരെ തിരുവനന്തപുരം അട്ടകുളങ്ങര വനിതാ ജയിലിലേക്കും മാറ്റും. കേസില്‍ പ്രതികള്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തത്. കൂടാതെ തട്ടിക്കൊണ്ട് പോകലിനും കേസെടുത്തു.
കേരളം കണ്ട സുപ്രധാന കേസാണ് കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന് എഡിജിപി എം.ആര്‍ അജിത് കുമാര്‍. 96 മണിക്കൂറിനുള്ളില്‍ പ്രതികളെ മുഴുവന്‍ പിടികൂടാന്‍ സാധിച്ചു. കേസില്‍ വഴിതിരിവായത് ആറുവയസുകാരി അബിഗേല്‍ പ്രതികളെ കുറിച്ച് നല്‍കിയ കൃത്യമായ വിവരണവും സഹോദരന്‍ ജോന്നാഥന്റെ ഇടപെടലുമാണെന്നും എഡിജിപി വ്യക്തമാക്കി.
കേസിന്റെ ആദ്യ ദിവസം കിട്ടിയ തെളിവില്‍ നിന്നാണ് അന്വേഷണം പുരോഗമിച്ചത്. പ്രതി കൊല്ലം ജില്ലകാരനാണെന്നും ജില്ലയെ കുറിച്ച് പരിചയമുള്ള ആളാണെന്നും മനസിലായി. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചു. സൈബര്‍ അന്വേഷണവും നാട്ടുകാരില്‍ നിന്നും ശേഖരിച്ച വിവരത്തില്‍ നിന്നാണ് 96 മണിക്കൂറില്‍ കേസില്‍ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞത്. പൊലീസിനെ കുഴപ്പിക്കാന്‍ സാധ്യതകള്‍ കണ്ടെത്തി കൃത്യമായി ആസൂത്രണം ചെയ്ത പദ്ധതിയായിരുന്നു പ്രതികള്‍ നടത്തിയത്. തെളിവുകള്‍ ശേഖരിച്ച് പൊലീസ് സാവധാനവും മികച്ചതുമായ അന്വേഷണം നടത്തി. മാധ്യമപ്രവര്‍ത്തകരില്‍ നിന്നുള്‍പ്പെടെ അനാവശ്യ സമ്മര്‍ദ്ദം നേരിട്ടിട്ടും സുതാര്യമായ അന്വേഷണം നടപ്പാക്കാന്‍ പൊലീസിനായി. ഊണും ഉറക്കവുമില്ലാതെ പൊലീസ് ജാഗ്രതയോടെ പ്രവര്‍ത്തിച്ചതാണ് കേസിന്റെ വിജയമെന്നും എഡിജിപി പറഞ്ഞു.