ദേശീയം
തൊഴില്‍ സമയം 12 മണിക്കൂറാക്കി ഉയര്‍ത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍
ജോലി സമയം പന്ത്രണ്ട് മണിക്കൂറാക്കി ഉയര്‍ത്താനൊരുങ്ങി കേന്ദ്ര തൊഴില്‍ മന്ത്രാലയം. ഒമ്പത് മണിക്കൂര്‍ ജോലി എന്ന വ്യവസ്ഥയെ 12 മണിക്കൂറാക്കി ഉയര്‍ത്താനുള്ള പുതിയ നിയമം അഭിപ്രായ രൂപീകരണത്തിന് വിട്ടിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.
നിലവിലുള്ള 13 നിയമങ്ങളെ കൂട്ടിയോജിപ്പിച്ചാണ് കേന്ദ്രം നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നത്. കൊവിഡ് ലോക്ക്ഡൗണ്‍ മൂലം നഷ്ടമായ സമയ നഷ്ടം നികത്താനായി ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ തൊഴില്‍ സമയം ഉയര്‍ത്താനായി തൊഴില്‍ നിയമത്തില്‍ മാറ്റം വരുത്തണം എന്ന ആശയം മുന്നോട്ട് വെച്ചിരുന്നു.
ഇതിന് പിന്നാലെയാണ് തൊഴില്‍ മന്ത്രാലയം തൊഴില്‍ സമയം 12 മണിക്കൂറാക്കി ഉയര്‍ത്താനുള്ള കരട് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. 12 മണിക്കൂര്‍ ജോലി സമയത്തില്‍ ഒരുമണിക്കൂര്‍ വിശ്രമത്തിനുള്ളതാണ്.
ഒരു ദിവസത്തെ തൊഴില്‍ സമയം 12 മണിക്കൂര്‍ ദീര്‍ഘിപ്പിക്കാമെന്നാണ് നിബന്ധന. എന്നാലും ആഴ്ചയില്‍ 48 മണിക്കൂറില്‍ കൂടുതല്‍ ഒരു തൊഴിലാളിയെക്കൊണ്ടും ജോലി ചെയ്യിപ്പിക്കരുതെന്നും കരട് നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്.
കരട് നിര്‍ദ്ദേശത്തില്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാന്‍ 45 ദിവസത്തെ സമയമാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.
ഈ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ 8 മണിക്കൂര്‍ തൊഴില്‍ 8 മണിക്കൂര്‍ വിനോദം 8 മണിക്കൂര്‍ വിശ്രമം എന്ന ലോക തൊഴിലാളികളുടെ അവകാശം പൊളിച്ചു മാറ്റപ്പെടുമോ എന്ന ആശങ്ക ഇതിനോടകം തൊഴിലാളികള്‍ക്കിടയില്‍ ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്.