കേരളം
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്തെ എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ പുതുക്കിയ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് സംസ്ഥാനത്തെ എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് മുന്നറിയിപ്പാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപനം. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ എട്ടു ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ട മഴയുണ്ടാകാന്‍ സാധ്യതയുണ്ടെങ്കിലും പ്രത്യേക അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. അടുത്ത മൂന്നു മണിക്കൂറിൽ കേരളത്തിലെ ഇടുക്കി, എറണാകുളം, പത്തനംതിട്ട, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇടിമിന്നൽ ജാഗ്രതാ നിർദേശം
ഇന്ന് (10-11-2023) കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും, നാളെ (11-11-2023) കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം
കേരള തീരത്ത് ഇന്ന് (10-11-2023) രാത്രി 11.30 വരെ 1.0 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. തെക്കൻ തമിഴ്നാട് തീരത്ത് ഇന്ന് (10-11-2023) രാത്രി 11.30 വരെ 1.0 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു