കേരളം
നാളെ വിദ്യാഭ്യാസബന്ദ്; തലസ്ഥാനത്ത് തെരുവുയുദ്ധം; കെഎസ് യു മാര്‍ച്ചില്‍ സംഘര്‍ഷം
ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദുവിന്റെ വീട്ടിലേക്ക് കെഎസ് യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ലാത്തിച്ചാര്‍ജില്‍ കെഎസ് യു വനിതാ പ്രവര്‍ത്തക അടക്കം നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ലാത്തിയടിയില്‍ വിദ്യാര്‍ഥിനിയുടെ മുഖത്താണ് ഗുരുതരമായി പരിക്കേറ്റത്. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് മൂന്ന് തവണ ജലപീരങ്കി പ്രയോഗിച്ചു.
കേരളവര്‍മ കോളജിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ മന്ത്രി ആര്‍ ബിന്ദു ഇടപെട്ടു എന്ന് ആരോപിച്ചായിരുന്നു കെഎസ് യു മാര്‍ച്ച്. മന്ത്രി ആര്‍ ബിന്ദു രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയുടെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. പ്രതിഷേധ മാര്‍ച്ച് ആര്‍ ബിന്ദുവിന്റെ വീടിന് മുന്നില്‍ വച്ച് പൊലീസ് തടഞ്ഞു. ഇതിനെ തുടര്‍ന്ന് പ്രതിഷേധക്കാരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടല്‍ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.
പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ മൂന്ന് തവണയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. അതിനിടെ ലാത്തിച്ചാര്‍ജിലാണ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റത്. ഒരു വിദ്യാര്‍ഥിനിയുടെ മുഖത്താണ് ഗുരുതരമായി പരിക്കേറ്റത്. പ്രവര്‍ത്തകരുടെ തലയ്ക്ക് അടിച്ച ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കെഎസ് യു പ്രതിഷേധം തുടരുകയാണ്. പാളയത്ത് കെഎസ് യു പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. മൂന്ന് കെഎസ് യു നേതാക്കളെ പൊലീസ് അറസ്‌ററ് ചെയ്ത് നീക്കി. അതിനിടെ കേരളീയം ഫളക്‌സ് ബോര്‍ഡുകള്‍ കെഎസ് യു പ്രവര്‍ത്തകര്‍ നശിപ്പിച്ചു. പൊലീസ് വാഹനത്തിന്റെ താക്കോല്‍ പ്രവര്‍ത്തകര്‍ നശിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
വിദ്യാര്‍ഥികളെ തല്ലിച്ചതച്ചില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണമെന്ന് കോണ്‍ഗ്രസ് നേതാവ് എം വിന്‍സന്റ് എംഎല്‍എ ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളെ തല്ലിച്ചതച്ച പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് കെഎസ് യു നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു.