കേരളം
സുരേഷ് ഗോപി വിഷയത്തിൽ മാധ്യമ പ്രവർത്തകയ്ക്ക് ഒപ്പമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്
നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയ വിവാദത്തിൽ മാധ്യമ പ്രവർത്തകയ്ക്ക് ഒപ്പമെന്ന് മന്ത്രി വീണാ ജോർജ്ജ്. പൊതു പ്രവർത്തകന് ചേർന്ന പ്രവർത്തിയല്ല സുരേഷ് ഗോപിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും അവർ പത്തനംതിട്ടയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോൾ പറഞ്ഞു.
അതേസമയം മാധ്യമപ്രവർത്തകയോടുളള സുരേഷ് ഗോപിയുടെ പെരുമാറ്റം തൊഴിലിടത്തെ സ്ത്രീകൾക്കെതിരായ അതിക്രമമെന്ന് സിപിഐ നേതാവ് ആനി രാജയും പ്രതികരിച്ചു. ക്യാമറക്ക് മുന്നിൽ നടന്ന സംഭവമായതിനാൽ പൊലീസിന് സ്വമേധയാ കേസെടുക്കാമെന്നും നടപടിയുണ്ടാവണമെന്നും ആനി രാജ വ്യക്തമാക്കി. വേദനിച്ചിട്ടുണ്ടെങ്കിൽ മാപ്പ് പറയുന്നുവെന്ന പതിവ് രാഷ്ട്രീയ തന്ത്രമാണ് സുരേഷ് ഗോപി പ്രയോഗിച്ചിട്ടുള്ളത്. ചുറ്റുമുണ്ടായിരുന്ന പുരുഷ മാധ്യമപ്രവർത്തകരോട് പിതൃവാത്സല്യം കാണിച്ചില്ലെന്നും, പിതൃ പദവിയെപോലും അവഹേളിക്കുന്നതിന് തുല്യമാണ് മുടന്തൻ ന്യായമെന്നും ആനി രാജ കുറ്റപ്പെടുത്തി.
ഇന്നലെ രാവിലെ കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലില്‍ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടയിലാണ് വിവാദ സംഭവം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് തുടര്‍ ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവർത്തകയുടെ ചുമലിലാണ് സുരേഷ് ഗോപി സ്പര്‍ശിച്ചത്. മാധ്യമപ്രവർത്തക ഒഴിഞ്ഞുമാറിയപ്പോൾ സുരേഷ് ഗോപി വീണ്ടും കൈ ചുമലിൽ വയ്ക്കാൻ ശ്രമിച്ചു. ഈ സമയത്ത് മാധ്യമപ്രവര്‍ത്തക കൈ തട്ടി മാറ്റുകയായിരുന്നു. സംഭവം വിവാദമായതോടെ സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് മാപ്പ് പറഞ്ഞു.
അതേസമയം ഷവർമ കഴിച്ച് മരണം സംശയിക്കുന്ന തൃക്കാക്കരയിലെ ഹോട്ടലുമായി ബന്ധപ്പെട്ട സംഭവത്തിൽ പരിശോധനാഫലം കിട്ടിയശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി ഇന്നും പത്തനംതിട്ടയിൽ ആവർത്തിച്ചു. മുട്ട ഉപയോഗിച്ചുള്ള മയോണൈസ് നിരോധിച്ചിട്ടുള്ളതാണെന്നും വീഴ്ച വരുത്തുന്ന ഹോട്ടലുകൾ പൂട്ടിക്കുമെന്നും പറഞ്ഞ മന്ത്രി, കൂടുതൽ നിയന്ത്രങ്ങളെ കുറിച്ച് റിപ്പോർട്ട് കിട്ടിയ ശേഷം ആലോചിക്കുമെന്നും വ്യക്തമാക്കി.