കേരളം
വിജയദശമി ; ഗുരുവായൂരില്‍ ഹരിശ്രീ കുറിച്ചത് നൂറിലേറെ കുരുന്നുകള്‍
വിജയദശമി ദിനത്തില്‍ ഗുരുവായൂരില്‍ ഹരിശ്രീ കുറിച്ച് നൂറിലേറെ കുരുന്നുകള്‍. രാവിലെ ഏഴു മണിയോടെയായിരുന്നു ഗുരുവായൂരില്‍ വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിച്ചത്.
ശീവേലിയും സരസ്വതി പൂജയും പൂര്‍ത്തിയായതോടെ ക്ഷേത്രത്തിനകത്ത് വടക്കുഭാഗത്തെ ടിക്കറ്റ് കൗണ്ടറിനു മുന്‍വശത്തു പ്രത്യേകം സജ്ജമാക്കിയ വിദ്യാരംഭം വേദിയിലേക്ക് ദേവീദേവന്‍മാരുടെ ചിത്രം എഴുന്നള്ളിച്ചു. തുടര്‍ന്നായിരുന്നു എഴുത്തിനിരുത്ത് ചടങ്ങ് നടന്നത്.
13 ക്ഷേത്രം കീഴ്ശാന്തി ഇല്ലങ്ങളിലെ നമ്പൂതിരിമാര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം വഹിച്ചു. കുട്ടികളെ ഹരിശ്രീ എഴുതിച്ചു. ആദ്യം നാവിലും തുടര്‍ന്ന് അരിയിലും. ആദ്യാക്ഷര മധുരം നുകര്‍ന്ന കുരുന്നുകള്‍ അക്ഷര ലോകത്തേക്ക് കടന്നു.
പത്തു മണി വരെയുള്ള സമയത്ത് നൂറിലേറെ കുരുന്നുകളാണ് വിദ്യാരംഭം കുറിച്ചത്. ക്ഷേത്രം ഡിഎപി മനോജ് കുമാര്‍, അസി.മാനേജര്‍ സുശീല ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ ചടങ്ങില്‍ സന്നിഹിതരായി.