കേരളം
24 മണിക്കൂറിനിടെ ഏറ്റവുമധികം മഴ നെയ്യാറ്റിന്‍കരയില്‍; കടലാക്രമണ സാധ്യത
24 മണിക്കൂറിനിടെ ഏറ്റവുമധികം മഴ തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍; കടലാക്രമണ സാധ്യതകഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഏറ്റവുമധികം മഴ പെയ്തത് തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കരയില്‍. 185 മില്ലിമീറ്റര്‍ മഴയാണ് നെയ്യാറ്റിന്‍കരയില്‍ ലഭിച്ചത്. വര്‍ക്കലയില്‍ 160 മില്ലി മീറ്റര്‍, പിരപ്പന്‍കോട് 122 മില്ലിമീറ്റര്‍ എന്നിങ്ങനെയാണ് മഴ പെയ്തത്.
പടിഞ്ഞാറന്‍ കാറ്റ് ശക്തമായതിനാല്‍ തെക്കന്‍, മധ്യ കേരളത്തില്‍ ശക്തമായ മഴ തുടരുമെന്നാണ് അറിയിപ്പ്. ഈ മാസം 18 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്. ശക്തമായ ഇടിമിന്നല്‍ ഉണ്ടായേക്കുമെന്നും മുന്നറിയിപ്പുണ്ട്.
തെക്ക് കിഴക്കന്‍ അറബിക്കടലിനും മധ്യ കിഴക്കന്‍ അറബിക്കടലിനും മുകളിലായി അടുത്ത 24 മണിക്കൂറിനുള്ളില്‍ രൂപപ്പെടുന്ന ചക്രവാതച്ചുഴി ഒക്ടോബര്‍ 17-ഓടെ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. തുടര്‍ന്നുള്ള 48 മണിക്കൂറില്‍ പടിഞ്ഞാറു-വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി വീണ്ടും ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ഇന്നു രാത്രി 11 30 വരെ തീരദേശമേഖലയില്‍ 1.9 മീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ വീശിയടിക്കാനും കടലാക്രമണത്തിനും സാധ്യതയുണ്ട്. അതിനാല്‍ തീരദേശവാസികള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് നിര്‍ദേശിച്ചു.