കേരളം
നിപ സംശയം: തിരുവനന്തപുരത്ത് നിരീക്ഷണത്തിൽ കഴിഞ്ഞ മെഡിക്കൽ വിദ്യാർത്ഥിയുടെ ഫലം നെഗറ്റീവ്
തിരുവനന്തപുരത്ത് നിപ രോഗബാധ സംശയിച്ച മെഡിക്കൽ വിദ്യാർത്ഥിയുടെ പരിശോധനാഫലം നെഗറ്റീവ്. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവായത്. നിപ സംശയത്തെത്തുടർന്ന് കോഴിക്കോട് സ്വദേശിയായ വിദ്യാർത്ഥി തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലായിരുന്നു.
അതേസമയം നിപ സംശയങ്ങളോടെ ഒരാൾ കൂടി തിരുവനന്തപുരത്ത് നിരീക്ഷണത്തിലുണ്ട്. കാട്ടാക്കട മാറനല്ലൂര്‍ സ്വദേശിയായ വീട്ടമ്മയാണ് നിരീക്ഷണത്തിലുള്ളത്. ഇവരുടെ പരിശോധന ഫലം ഇന്ന് ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. 72 കാരിയായ കാട്ടാക്കട സ്വദേശിനിയുടെ അടുത്ത ബന്ധുക്കൾ കോഴിക്കോട് നിന്ന് തിരുവനന്തപുരത്ത് വന്നിരുന്നു.
ഇതിനു ശേഷം ഇവർക്ക് പനിയും ശ്വാസംമുട്ടലുണ്ടായി. ഇതേതുടര്‍ന്ന് മുൻകരുതൽ എന്ന നിലയിൽ വയോധികയെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലേക്ക് മാറ്റുകയായിരുന്നു. സംസ്ഥാനത്ത് ഇതുവരെ 181 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്നലെ പുതിയ പോസിറ്റീവ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.