കേരളം
സതിയമ്മയുടെ ജോലി കളയിച്ചെന്ന് പ്രതിപക്ഷ നേതാവ് , സീറ്റിൽ നിന്നെഴുന്നേറ്റ് മന്ത്രി; സഭയിൽ ബഹളം
അടിയന്തിര പ്രമേയത്തിന് അവതരാണാനുമതി നിഷേധിച്ചതിന് പിന്നാലെ പൊലീസിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രസംഗം സഭയിൽ ബഹളത്തിൽ കലാശിച്ചു. പുതുപ്പള്ളിയിലെ സതിയമ്മയുടെ ജോലിയുമായി ബന്ധപ്പെട്ട പരാമർശത്തിന് മറുപടി നൽകാൻ മന്ത്രി എഴുന്നേറ്റതാണ് പ്രശ്നത്തിലേക്ക് നയിച്ചത്. കോൺഗ്രസ് അംഗങ്ങൾ വാക്കൗട്ട് പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി സംസാരിക്കാൻ എഴുന്നേറ്റപ്പോഴാണ് മന്ത്രി ചിഞ്ചുറാണി സതിയമ്മ വിഷയത്തിൽ മറുപടി പറയാൻ ശ്രമിച്ചത്.
ഇതോടെ പ്രതിപക്ഷ നിരയിൽ നിന്ന് മന്ത്രിക്കെതിരെ പ്രതിഷേധം ഉയർന്നു. എന്നാൽ ഭരണപക്ഷ അംഗങ്ങളും വിട്ടുകൊടുത്തില്ല. വാക്കൗട്ട് പ്രഖ്യാപിച്ച കോൺഗ്രസ് അംഗങ്ങൾ സഭ വിട്ട് പോകാതെ നടുത്തളത്തിലേക്ക് ഇറങ്ങി. പുതിയ കീഴ്‌വഴക്കം ഉണ്ടാക്കരുതെന്നും ഇറങ്ങിപ്പോകുന്നുവെന്ന് പറഞ്ഞവർ ഇറങ്ങിപ്പോകണമെന്നും പറഞ്ഞ സ്പീക്കർ, അംഗങ്ങളുടെ പെരുമാറ്റത്തിൽ ക്ഷുഭിതനായി.
ഹൃദയം നുറുങ്ങുന്ന സംഭവങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് അടിയന്തിര പ്രമേയവുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് ശേഷം പ്രതിപക്ഷ നേതാവ് പറഞ്ഞു. കുഞ്ഞുങ്ങൾക്ക് എതിരായി 5315 കുറ്റകൃത്യങ്ങൾ കേരളത്തിലുണ്ടായി. ഇൻവെസ്റ്റിഗേഷനും ലോ ആന്റ് ഓർഡറും എസ്കോർടും എല്ലാം ഒരേ പൊലീസ് ചെയ്യുന്നു. ആഭ്യന്തര വകുപ്പിനെ ഹൈജാക്ക് ചെയ്തെന്ന് പറഞ്ഞപ്പോ മുഖ്യമന്ത്രി ചൂടാവുന്നു. വിമർശനം ഉന്നയിക്കുന്നവരുടെ മനോനില സംശയിക്കുന്നത് വേറെ രോഗമാണെന്നും അതിനാണ് ചികിത്സ വേണ്ടത്. സതിയമ്മയുടെ ജോലി നഷ്ടപ്പെടുത്തിയതും ഗ്രോ വാസുവിന്റെ വാ പൊത്തിപ്പിടിച്ചതും പ്രതിപക്ഷ നേതാവ് പൊലീസിനെതിരെ ആയുധമാക്കി.
പ്രതിപക്ഷ നേതാവ് സംസാരിച്ച് കഴിഞ്ഞയുടൻ ഉപനേതാവായ പികെ കുഞ്ഞാലിക്കുട്ടി സീറ്റിൽ നിന്ന് എഴുന്നേൽക്കുകയായിരുന്നു. ഈ സമയത്ത് തന്നെയാണ് മന്ത്രി ചിഞ്ചുറാണിയും എഴുന്നേറ്റത്. ഇത് അനുവദിക്കില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടിയും മുസ്ലിം ലീഗ് അംഗങ്ങളും നിലപാടെടുത്തു. പ്രതിപക്ഷം ബഹളം വച്ചതോടെ പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തെ വിമർശിച്ച് ഭരണപക്ഷ അംഗങ്ങളും പ്രതിഷേധിച്ചു. സഭ അലങ്കോലമായതോടെ സ്പീക്കർ രോഷാകുലനായി. വാക്കൗട്ട് നടത്തിയ അംഗങ്ങൾ സഭ വിട്ടുപോവുകയും ഭരണപക്ഷ അംഗങ്ങൾ സീറ്റുകളിലേക്ക് മടങ്ങുകയും ചെയ്ത ശേഷമാണ് സഭ ശാന്തമായത്.