ദേശീയം
സെല്‍ഫിയെടുത്ത് ആദിത്യ; ഭൂമിയുടെയും ചന്ദ്രന്റെയും പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആർഒ
സൗരരഹസ്യങ്ങള്‍ പഠിക്കാനായി ഐഎസ്ആര്‍ഒ വിക്ഷേപിച്ച ആദിത്യ എല്‍ വണ്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തു വിട്ടു. ഒരു സെല്‍ഫി ചിത്രവും ദൃശ്യവുമാണ് പുറത്തു വിട്ടത്. സെല്‍ഫി ചിത്രത്തില്‍ പേടകത്തിലെ രണ്ട് ഉപകരണങ്ങള്‍ കാണാം. ദൃശ്യത്തില്‍ ഭൂമിയെയും ചന്ദ്രനേയും കാണാവുന്നതാണ്.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നും സെപ്റ്റംബര്‍ രണ്ടിനാണ് ആദിത്യ എല്‍ വണ്‍ വിക്ഷേപിച്ചത്. സൗരവാതങ്ങള്‍, കാന്തികക്ഷേത്രം, പ്ലാസ്മാ പ്രവാഹം, കൊറോണല്‍ മാസ് ഇജക്ഷന്‍ തുടങ്ങിയ സൗരപ്രതിഭാസങ്ങളെ പറ്റി പഠിക്കുകയാണ് ലക്ഷ്യം. അത്യാധുനികമായ ഏഴ് പരീക്ഷണ ഉപകരണങ്ങളാണ് ആദിത്യയിലുള്ളത്.
പേടകത്തിന് ഒരു തവണ സൂര്യനെ ചുറ്റാന്‍ 365 ദിവസം വേണ്ടിവരും. അഞ്ച് വര്‍ഷവും രണ്ടുമാസവുമാണ് ദൗത്യ കാലാവധി. പേടകത്തിന്റെ മൂന്നാംഘട്ട ഭ്രമണപഥ ഉയർത്തൽ സെപ്റ്റംബർ 10ന് പുലർച്ചെ 2.30ന് നടക്കുമെന്ന് ഐഎസ്ആർഒ അറിയിച്ചു.