ദേശീയം
ദീപാവലി ആശംസകൾ നേർന്ന് ദുബായ് ഭരണാധികാരിയായ ഷേഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തും.
പ്രത്യാശയുടെ വെളിച്ചം നമ്മെ എപ്പോഴും ഒന്നിപ്പിക്കട്ടെ.
ഇന്ത്യക്കാർ ദീപാവലി ആശംസകൾ നേർന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തും. ദീപാവലി ആഘോഷിക്കുന്ന എല്ലാവർക്കും യുഎഇയിലെ ജനങ്ങൾക്ക് വേണ്ടി ആശംസകൾ നേരുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പ്രത്യാശയുടെ വെളിച്ചം എപ്പോഴും നമ്മെ ഒന്നിപ്പിക്കുകയും മെച്ചപ്പെട്ട നാളിലേക്ക് നയിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
On behalf of the people of the UAE, I wish everyone celebrating around the world a happy Diwali. May the light of hope always unite us and lead us forward to a better tomorrow.
Posted by His Highness Sheikh Mohammed bin Rashid Al Maktoum on Friday, November 13, 2020
കോവിഡ് സുരക്ഷാ മുൻകരുതലുകളോടെ ദീപാവലി ആഘോഷിക്കണമെന്ന് ഇന്ത്യൻ കോൺസുലേറ്റ് അധികൃതർ അഭ്യർഥിച്ചു. സാമൂഹിക അകലം പാലിക്കുക, മുഖാവരണം ധരിക്കുക കൂടാതെ ആരോഗ്യ അധികാരികൾ പുറപ്പെടുവിക്കുന്ന എല്ലാ മാർഗനിർദേശങ്ങളും പാലിക്കണമെന്നും കോൺസുലേറ്റ് നിർദേശിച്ചു. മഹാമാരിയിലും സുരക്ഷിതത്വത്തോടെ ദീപാവലി ആഘോഷിക്കാമെന്നുള്ള വിവിധ പോസ്റ്റുകളും കോൺസുലേറ്റ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നുണ്ട്.
വിവിധ വർണങ്ങളിലുള്ള ബൾബുകൾ തൂക്കിയും മധുരം കഴിച്ചും യുഎഇയിൽ ദീപാവലി ആഘോഷം തുടങ്ങി കഴിഞ്ഞു. ദുബായ് ഇന്ത്യൻ കോൺസുലേറ്റിന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച ദീപാവലി ഉത്സവ് എന്ന പേരിൽ വെർച്വൽ ആഘോഷം സംഘടിപ്പിച്ചു. കുടുംബങ്ങൾ അവരവരുടെ വീടുകളിലിരുന്ന് ആഘോഷത്തിന്റെ ഭാഗമായി. കഴിഞ്ഞ ഏതാനും വർഷങ്ങളായി പതിനായിരത്തോളം പേരുടെ പങ്കാളിത്തമുണ്ടായിരുന്നു ദീപാവലി ഉത്സവിന്. രണ്ട് വർഷമായി ദുബായ് പോലീസും ഫെസ്റ്റിൽ പങ്കെടുത്തിരുന്നു.
ഈ വർഷം ഒരു ലോകം, ഒരു കുടുംബം എന്ന പ്രമേയത്തിലാണ് ഇന്ത്യൻ കോൺസുലേറ്റിന്റെ ദീപാവലി ആഘോഷം. വെള്ളിയാഴ്ച വൈകുന്നേരം വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകളിൽ സംപ്രേഷണം ചെയ്യും. കഴിഞ്ഞ വെള്ളിയാഴ്ച ഓൺലൈൻ രംഗോലി മത്സരം നടന്നിരുന്നു. 56 ടീമുകൾ വീടുകളിലിരുന്നാണ് മത്സരത്തിന്റെ ഭാഗമായത്.