കേരളം
മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി
മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ സ്വകാര്യ സ്ഥാപനത്തിൽ നിന്ന് അനധികൃതമായി മാസപ്പടി കൈപ്പറ്റിയെന്ന വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളി. മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ വിജിലൻസ് അന്വേഷണം വേണമെന്നായിരുന്നു ആവശ്യം. എന്നാൽ, മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ഹർജി തള്ളുകയായിരുന്നു.
കളമശേരി സ്വദേശിയായ പൊതുപ്രവർത്തകൻ ഗിരീഷ് ബാബുവാണ് ഹരജി നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ, യു.ഡി.എഫ് നേതാക്കളായ രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി, വി.കെ. ഇബ്രാഹിംകുഞ്ഞ് തുടങ്ങി 12 പേരെ എതിർകക്ഷികളാക്കിയായിരുന്നു ഹരജി. തെളിവുകളുടെ അഭാവത്തിൽ അന്വേഷണം നടത്താൻ ഉത്തരവിടാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
2017 മുതൽ 2020 വരെയുള്ള കാലയളവിൽ സി.എം.ആർ.എൽ കമ്പനിയിൽ നിന്ന് വീണ വിജയൻ സേവനങ്ങളൊന്നും നൽകാതെ പണം കൈപ്പറ്റിയെന്നാണ് വിവാദം. വീണ വിജയന് പുറമേ മറ്റ് രാഷ്ട്രീയ നേതാക്കളുടെ പേരുകളും മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിരുന്നു.