കേരളം
ചാല മാർക്കറ്റിൽ പ്ലാസ്റ്റിക് പിടികൂടാൻ മിന്നൽ പരിശോധന; തടയാൻ ശ്രമിച്ച് വ്യാപാരികളും നാട്ടുകാരും
ചാല കമ്പോളത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് 751 കിലോ നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുത്തു. മാലിന്യ സംസ്കരണ നിയമ ലംഘനങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് നിയോഗിച്ച പ്രത്യേക ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. പരിശോധനയ്ക്കിടെ എതിര്‍പ്പുമായി നാട്ടുകാരും വ്യാപാരികളും രംഗത്തെത്തിയത് സംഘര്‍ഷിനിടയാക്കുകയും ചെയ്തു.
പ്ലാസ്റ്റിക് ഉത്പന്നങ്ങളായ ക്യാരി ബാഗുകൾ, സ്പൂണുകൾ,പ്ലേറ്റുകൾ, ഗ്ലാസുകൾ എന്നിവയാണ് പിടിച്ചെടുത്തത്. കമ്പോളത്തിനുള്ളിൽ പ്രവർത്തിക്കുന്ന ഒരു മൊത്ത വ്യാപര സ്ഥാപനത്തിന്റെ ഇറക്കുമതി ലോറിയിൽ നിന്നും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വൻ ശേഖരം പിടികൂടിയതായി അധികൃതര്‍ അറിയിച്ചു. പരിശോധനാ വിവരമറിഞ്ഞ് സ്ഥാപനത്തിന്റെ ഉടമസ്ഥർ സ്‌ക്വാഡ് എത്തുന്നതിനു മുമ്പേ ഗോഡൗൺ പൂട്ടിയതിനെ തുടർന്ന് പോലീസിന്റെ സഹായത്തോടെയാണ് ലോറിയിൽ പരിശോധന നടത്തിയത്.
അതേസമയം ചെറുകിട കച്ചവട സ്ഥാപനങ്ങളിൽ വില്‍പനയ്ക്കായി സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുത്തതോടെയാണ് സംഘർഷം ഉണ്ടായത്. വ്യാപാരികളും നാട്ടുകാരും പരിശോധന തടഞ്ഞതിനെ തുടര്‍ന്ന് പോലീസ് സഹായത്തോടെയാണ് സ്‌ക്വാഡ് പരിശോധന തുടർന്നത്. ചെറിയ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും കച്ചവടം നടത്താനായി സൂക്ഷിച്ചിരുന്ന നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളും പിടിച്ചെടുത്തു. പിടിച്ചെടുത്ത വസ്തുക്കൾ തിരുവനന്തപുരം നഗര സഭയ്ക്ക് കൈമാറി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് സ്‌ക്വാഡ് അറിയിച്ചു.
ജില്ലാ ശുചിത്വ മിഷൻ എൻഫോഴ്‌സ്‌മെന്റ് ഓഫീസർ, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ പ്രതിനിധികൾ, പൊലീസ്, തിരുവനന്തപുരം നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. തദ്ദേശ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ ചെയർമാനും ശുചിത്വ മിഷൻ കോ – ഓർഡിനേറ്റർ ജില്ലാ നോഡൽ ഓഫീസറുമായാണ് എൻഫോസ്‌മെന്റ് സ്‌ക്വാഡ് രൂപീകരിച്ചിരിക്കുന്നത്.