കേരളം
ജസ്റ്റിസ് ആശിഷ് ജെ ദേശായി കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്
ഗുജറാത്ത് ഹൈക്കോടതിയിലെ ആക്ടിങ് ചീഫ് ജസ്റ്റിസ് ആശിഷ് ജെ ദേശായിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. ചീഫ് ജസ്റ്റിസായിരുന്ന എസ്വി ഭട്ടി സുപ്രീം കോടതി ജഡ്ജിയായതിനെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് നിയമനം. ജസ്റ്റിസ് ഭട്ടിയുടെ ഒഴിവിൽ ജസ്റ്റിസ് അലക്സാണ്ടർ തോമസിനെ കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി നിയമിച്ചിരുന്നു.
ഗുജറാത്ത് ഹൈക്കോടതിയിൽ 1983 മുതൽ 89 വരെ ജഡ്ജിയായിരുന്ന ജസ്റ്റിസ് ജെപി ദേശായിയുടെ മകനാണ് എജെ ദേശായി. 1962 ജൂലായ് അഞ്ചിന് വഡോദരയിൽ ജനിച്ച അദ്ദേഹം അഹമ്മദാബാദിലെ സെന്റ് സേവ്യേഴ്സ് കോളജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും എൽഎ ഷാ ലോ കോളജിൽ നിന്ന് നിയമപഠനവും പൂർത്തിയാക്കിയ ശേഷം 1985ലാണ് അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങിയത്. 2011 നവംബർ 21നാണ് ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയായത്.
മറ്റ് മൂന്ന് ഹൈക്കോടതികളിലേക്കുകൂടി ചീഫ് ജസ്റ്റിസുമാരെ നിയമിച്ചു. അലഹാബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് സുനിത അഗർവാളിനെ ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കി. ഇതോടെ, നിലവിൽ രാജ്യത്തെ ഏക വനിതാ ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സുനിത. ഒഡിഷയിലെ ജസ്റ്റിസ് സുഭാസിസ് തലാപത്രയെ അതേ ഹൈക്കോടതിയിലെയും കർണാടകത്തിലെ ജസ്റ്റിസ് അലോക് അരാധെയെ തെലങ്കാനയിലെയും ചീഫ് ജസ്റ്റിസുമാരായി നിയമിച്ചു.