കേരളം
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്ന് കൂടി ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. വടക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴ സാധ്യത. കോഴിക്കോട് മുതല്‍ കാസര്‍കോട് വരെയുള്ള നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. തീരദേശ, മലയോര മേഖലയിലുള്ളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയ വിലക്കും തുടരും. കാലവര്‍ഷക്കാറ്റ് ദുര്‍ബലമാകുന്നതിനാല്‍ നാളെ മുതല്‍ മഴ കുറയുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. നാളെ മുതല്‍ ഒരു ജില്ലകളിലും മുന്നറിയിപ്പ് നല്‍കിയിട്ടില്ല. അതേസമയം അപകട സാധ്യത മേഖലകളില്‍ നിന്ന് ആളുകളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിപാര്‍പ്പിച്ചുവരികയാണ്.
അതേസമയം ആലപ്പുഴയില്‍ മഴ കുറഞ്ഞെങ്കിലും കുട്ടനാട്ടിലെ ആശങ്ക വിട്ടൊഴിയുന്നില്ല. കുട്ടനാട്ടിലെ ജലനിരപ്പ് താഴാതെ നില്‍ക്കുകയാണ്. എടത്വ,വീയപുരം, തകഴി എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് ഇറങ്ങുന്നില്ല. നെടുമ്പ്രം,നിരണം,തലവടി ഭാഗങ്ങളില്‍ ഭാഗികമായി വെള്ളം കുറഞ്ഞു. വീയപുരം പഞ്ചായത്തില്‍ മാത്രം നാല് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രധാന നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു.കൊച്ചി നഗരത്തില്‍ ഉള്‍പ്പെടെ ശക്തമായ മഴ തുടരുകയാണ്. ഇടുക്കി ജില്ലയില്‍ ഹൈറേഞ്ചിലും തൊടുപുഴയിലും ശക്തമായ മഴ തുടരുന്ന സാഹചര്യമാണുള്ളത്.