കേരളം
നിയമപരമായി ഏതറ്റം വരെയും പോകും; മാധ്യമ പ്രവർത്തകരോട് കെ. വിദ്യ
മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് കാണിച്ച് വിവിധ കോളജുകളില്‍ അധ്യാപക ജോലിക്ക് ശ്രമിച്ചെന്ന കേസിനെ നിയമപരമായി തന്നെ നേരിടുമെന്ന് മുന്‍ എസ്എഫ്‌ഐ നേതാവ് കെ വിദ്യ. കെട്ടിച്ചമച്ച കേസാണെന്നും ഏതറ്റം വരെയും നിയമപരമായി തന്നെ മുന്നോട്ടുപോകുമെന്നും കെ വിദ്യ മാധ്യമങ്ങളോട് പറഞ്ഞു. കേസില്‍ അറസ്റ്റിലായ വിദ്യയെ, അഗളി ഡിവൈഎസ്പി ഓഫീസില്‍ നിന്ന് കോടതിയിലേക്ക് കൊണ്ടുംപോകും വഴിയാണ് പ്രതികരിച്ചത്.
‘നിങ്ങള്‍ ആവശ്യത്തിലധികം ആഘോഷിച്ചല്ലോ, എന്തായാലും നിയമപരമായി തന്നെ മുന്നോട്ടുപോകാന്‍ തീരുമാനിച്ചിരിക്കുകയാണ്.കെട്ടിച്ചമച്ച കേസാണെന്നും എനിക്കും അറിയാം നിങ്ങള്‍ക്കും അറിയാം. കോടതിയിലേക്കാണ് പോകുന്നത്. ഏതറ്റം വരെയും നിയമപരമായി തന്നെ മുന്നോട്ടുപോകും’- കെ വിദ്യയുടെ വാക്കുകള്‍.
നേരത്തെ, താന്‍ നിരപരാധിയെന്നാണ് കെ വിദ്യ പൊലീസിന് മൊഴി നല്‍കിയത്. ഒരു കോളജിന്റെ പേരിലും താന്‍ വ്യാജരേഖ ഉണ്ടാക്കിയിട്ടില്ല. മഹാരാജാസ് കോളജിന്റെ പേരില്‍ ഒരിടത്തും നിയമനത്തിനായി വ്യാജരേഖ ഹാജരാക്കിയിട്ടില്ലെന്നും വിദ്യ മൊഴി നല്‍കി.
തന്നെ രാഷ്ട്രീയ വൈരാഗ്യം മൂലം കരുവാക്കിയതാണ്. കേസില്‍ മനഃപൂര്‍വ്വം കുടുക്കിയതാണ്. താന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് എവിടെയും നല്‍കിയിട്ടില്ല. പഠനത്തില്‍ മിടുക്കിയായ തനിക്ക് വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. അക്കാദമിക നിലവാരം കണ്ടാണ് ഓരോ കോളജിലും അവസരം ലഭിച്ചത്. ആരോപണങ്ങള്‍ക്ക് പിന്നില്‍ കൃത്യമായ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. കേസിന് പിന്നില്‍ കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയാണെന്നും വിദ്യ ആരോപിച്ചു. കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ് താനും കുടുംബവുമെന്നും വിദ്യ മൊഴി നല്‍കി.
ഇന്നലെ രാത്രി കോഴിക്കോട് മേപ്പയൂര്‍ കുട്ടോത്തെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് അഗളി പൊലീസ് വിദ്യയെ കസ്റ്റഡിയിലെടുത്തത്. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഒളിവില്‍ പോയ വിദ്യയെ 15 ദിവസങ്ങള്‍ക്ക് ശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്.