ദേശീയം
ബൈജൂസിൽ വീണ്ടും കൂട്ടപിരിച്ചുവിടൽ; 1,000 പേർ പുറത്തേക്ക്
പ്രമുഖ എഡ്‌ടെക് കമ്പനിയായ ബൈജൂസിൽ വീണ്ടും കൂട്ടപിരിച്ചിവിടൽ. കമ്പനിയുടെ പുനർനിർമ്മാണ പ്രക്രിയയുടെ ഭാഗമായി ,1000 ജീവനക്കാരെ പിരിച്ചുവിട്ടതായാണ് റിപ്പോർട്ട്. ഒരു ബില്യൺ ഡോളർ ടേം ലോൺ തിരിച്ചടവുമായി ബന്ധപ്പെട്ട് യുഎസിലെ വായ്പക്കാരുമായി കമ്പനി നിയമയുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന സമയത്താണ് പുതിയ വാർത്ത. എന്നാൽ പിരിച്ചുവിടലിനെ കുറിച്ച് ബൈജൂസിന്റെ ഭാഗത്ത് നിന്നും ഇതുവരെ ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല
ഏറ്റവും പുതിയ പിരിച്ചുവിടൽ കമ്പനിയുടെ ഏകദേശം 2% തൊഴിലാളികളെ ബാധിച്ചേക്കും. കഴിഞ്ഞ വർഷം ബൈജൂസ് രണ്ട് താവനകളിലായി 3,000-ത്തിലധികം പേരെ പിരിച്ച് വിട്ടിരുന്നു. ലാഭക്ഷമത കൈവരിക്കുന്നതിനായി കമ്പനി സ്വീകരിച്ച ചെലവ് ചുരുക്കൽ നടപടികൾക്ക് അനുസൃതമായാണ് ഏറ്റവും പുതിയ പിരിച്ചുവിടലുകൾ.
2022 ഒക്‌ടോബർ മുതൽ ആറ് മാസത്തിനുള്ളിൽ 2,500 തൊഴിൽ വെട്ടിക്കുറയ്ക്കുന്നതായി ബൈജൂസ് പ്രഖ്യാപിച്ചിരുന്നു. 2023 മാർച്ചോടെ കമ്പനി ലാഭകരമാക്കാനുള്ള പദ്ധതി അനാവരണം ചെയ്തിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പുകളിൽ ഒന്നായ കമ്പനിയുടെ മൂല്യം ഒരിക്കൽ 22 ബില്യൺ ഡോളറായിരുന്നു. 2011 ൽ സ്ഥാപിതമായ ബൈജൂസ് കഴിഞ്ഞ ദശകത്തിൽ ജനറൽ അറ്റ്ലാന്റിക്, ബ്ലാക്ക് റോക്ക്, സെക്വോയ ക്യാപിറ്റൽ തുടങ്ങിയ ആഗോള നിക്ഷേപകരെ ആകർഷിച്ചു.
കമ്പനി ഒരു കാലത്ത് അതിന്റെ വിജയഗാഥകൾക്ക് പേരുകേട്ടതാണെങ്കിലും, അടുത്ത മാസങ്ങളിൽ, നിയമപരവും സാമ്പത്തികവുമായ പ്രശ്‌നങ്ങളിൽ പെട്ടിരിക്കുകയാണ്. കഴിഞ്ഞ മാസം കമ്പനിയുടെ മൂല്യനിർണ്ണയം 8.2 ബില്യൺ ഡോളറായി കുറഞ്ഞു.