കേരളം
വ്യാജരേഖാ കേസിൽ 13ാം ദിവസവും വിദ്യ ഒളിവിൽ; കണ്ടെത്താനാവാതെ അന്വേഷണ സംഘം
കോളേജ് അധ്യാപനത്തിന് വ്യാജരേഖ ചമച്ച കേസിൽ പ്രതിയായ മുൻ എസ്എഫ്ഐ നേതാവ് വിദ്യയെ പിടികൂടാനാകാതെ പൊലീസ്. കേസിൽ പ്രതി ചേർത്ത് രണ്ടാഴ്ചയോട് അടുക്കുമ്പോഴും വിദ്യക്കായുള്ള തിരച്ചിൽ തുടരുകയാണ്. വിദ്യ എവിടെയാണുള്ളതെന്ന് അറിയില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അതിനിടെ വിദ്യയുടെ മുൻകൂർ ജാമ്യാപേക്ഷ മറ്റന്നാൾ ഹൈക്കോടതി പരിഗണിക്കും. വ്യാജ രേഖയുടെ ഉറവിടം കണ്ടെത്താൻ വിദ്യയെ കസ്റ്റഡിയിലെടുക്കണമെന്നും ജാമ്യം അനുവധിക്കരുതെന്നും അഗളി പൊലീസ് ആവശ്യപ്പെട്ടിരുന്നു.
പൊലീസ് തിരയുന്നതിനിടെ വിദ്യ കോഴിക്കോട്ടും എറണാകുളത്തും എത്തിയെന്നാണ് പുറത്ത് വരുന്ന വിവരം. അഗളി പൊലീസും നീലേശ്വരം പൊലീസും മഹാരാജാസ് കോളേജിലടക്കം എത്തി തെളിവുകൾ ശേഖരിച്ചെങ്കിലും വിദ്യയെ കണ്ടെത്താൻ കാര്യമായ ശ്രമം നടത്തിയില്ല. നീലേശ്വരം പൊലീസ് സംഘം ഒരു ദിവസം തൃക്കരിപ്പൂരിലെ വിദ്യയുടെ വീട്ടിൽ പോയതൊഴിച്ചാൽ വിദ്യയെ കണ്ടെത്താൻ യാതൊരു നീക്കവും നടത്തിയില്ല. വിദ്യയെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ പിടികൂടേണ്ടെന്ന നിലപാടിലുമാണ് അന്വേഷണ സംഘം എന്നാണ് വിവരം.
അഗളി പൊലീസ് കെ വിദ്യക്കെതിരെ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. വിദ്യ മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖ ചമച്ച് അധ്യാപന ജോലിക്ക് ശ്രമിച്ചെന്നാണ് റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നത്. പാലക്കാട് അട്ടപ്പാടി കോളേജിനെ മുൻനിർത്തിയുള്ളതാണ് റിപ്പോർട്ട്. വിദ്യക്ക് മുൻകൂർ ജാമ്യം നൽകരുതെന്നും കോടതിയിൽ പൊലീസ് ആവശ്യപ്പെട്ടു. വിദ്യയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്.