കേരളം
വിദ്യ വ്യാജരേഖ ചമച്ചു; മുൻകൂർ ജാമ്യം നൽകരുതെന്ന് അഗളി പൊലീസ് ഹൈക്കോടതിയിൽ
മഹാരാജാസ് കോളേജ് വ്യാജരേഖാ കേസിൽ കെ വിദ്യക്കെതിരെ അഗളി പൊലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. വിദ്യ വ്യാജരേഖ ചമച്ചെന്നും മുൻകൂർ ജാമ്യം നൽകരുതെന്നും കോടതിയിൽ പൊലീസ് ആവശ്യപ്പെട്ടു. വിദ്യയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്. ജൂൺ 20നാണ് വിദ്യയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത്.
വ്യാജ സർട്ടിഫിക്കറ്റ് കേസിൽ തൃശൂർ കൊളേജിയറ്റ് എജ്യുക്കേഷൻ ഡപ്യൂട്ടി ഡയറക്ടർ ഓഫിസിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറും സംഘവും ഇന്ന് പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി സ്മാരക ഗവൺമെന്റ് കോളേജിൽ പരിശോധനക്കെത്തിയിരുന്നു. വിദ്യ അഭിമുഖത്തിന് എത്തിയപ്പോൾ സമർപ്പിച്ച രേഖകൾ സംഘം പരിശോധിച്ചു. വിദ്യ ഹാജരാക്കിയ സർട്ടിഫിക്കറ്റുകളിലെ സീലുകൾ, ഒപ്പ് എന്നിവയും പരിശോധിച്ചു. കോളേജ് പ്രിൻസിപ്പളിൻ്റെ സാന്നിധ്യത്തിലാണ് പരിശോധന നടന്നത്.
പ്രിൻസിപ്പളിൻ്റെയും ഇൻ്റർവ്യൂ ബോർഡിലെ അംഗങ്ങളിൽ നിന്നും സംഘം വിശദാംശങ്ങൾ തേടി. ഇൻറർവ്യൂ ബോർഡിലെ സബ്ജക്ട് എക്സ്പർട്ടായ ചിറ്റൂർ കോളേജിലെ മലയാളം അധ്യാപിക ശ്രീപ്രിയയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. അതേസമയം വിദ്യ കോഴിക്കോട് എത്തിയതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചെങ്കിലും ഇന്നും പ്രതിയെ അറസ്റ്റ് ചെയ്യാനായിട്ടില്ല.