കേരളം
വ്യാജരേഖ; വിദ്യക്കായി കോഴിക്കോട് കേന്ദ്രീകരിച്ചും അന്വേഷണം
വ്യാജരേഖ ചമച്ച കേസിൽ ഒളിവിൽ കഴിയുന്ന മുൻ എസ്എഫ്ഐ നേതാവ് വിദ്യയിലേക്കുള്ള അന്വേഷണം കോഴിക്കോട്ടേക്കും നീട്ടാൻ കേരള പൊലീസ്. വിദ്യ എറണാകുളത്ത് നിന്നും കോഴിക്കോട്ടേക്ക് കടന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. അന്വേഷണം വ്യാപിപ്പിക്കുന്നതിനായി ഇന്നലെ അന്വേഷണ സംഘത്തെ വിപുലീകരിച്ചിരുന്നു.
കഴിഞ്ഞ ദിവസം കാലടി സംസ്കൃത സർവകലാശാലയിൽ എത്തിയ അന്വേഷണസംഘം വിദ്യയുടെ സുഹൃത്തുക്കളെക്കുറിച്ച് അന്വേഷിക്കുകയും അവരുടെ വീടുകളിൽ പരിശോധന നടത്തുകയും ചെയ്തിരുന്നു. വിദ്യ ഗെസ്റ്റ് അധ്യാപികയായി ജോലി ചെയ്ത പത്തിരിപ്പാല ഗവ.കോളജിലെ ഇന്റർവ്യൂ പാനൽ അംഗങ്ങളുടെ മൊഴി പൊലീസ് ഇന്നു രേഖപ്പെടുത്തും.
തൃശൂർ കൊളീജിയറ്റ് എജ്യുക്കേഷൻ ഡപ്യൂട്ടി ഡയറക്ടർ ഓഫിസിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ഇന്ന് അട്ടപ്പാടി ഗവ.കോളജ് പ്രിൻസിപ്പൽ, ഇൻർവ്യു ബോർഡ് അംഗങ്ങൾ എന്നിവരുടെ മൊഴി രേഖപ്പെടുത്തും. അതേസമയം, കേസ് അന്വേഷണത്തിന്റെ ഭാഗമായി ചിറ്റൂർ കോളേജിലെ അധ്യാപികയും ഇന്റർവ്യൂ ബോർഡ് അംഗവുമായ ശ്രീപ്രിയയുടെ മൊഴി ഇന്ന് അഗളി പോലീസ് രേഖപ്പെടുത്തും.
അതേസമയം വിദ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ അഗളി പോലീസ് ഇന്ന് ഹൈക്കോടതിയിൽ മറുപടി സത്യവാങ്മൂലം സമർപ്പിക്കും. ഒളിവിൽ കഴിയുന്ന വിദ്യയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. ആവശ്യമെങ്കിൽ വിദ്യയുടെ തൃക്കരിപ്പൂരിലുള്ള വിദ്യയുടെ വീട്ടിൽ വീണ്ടും പരിശോധന നടത്തുവാനും അന്വേഷണ സംഘത്തിന് ആലോചനയുണ്ട്.