ദേശീയം
ദളിത് യുവാവിനെ വലിച്ചിഴച്ച് ഇറക്കിവിട്ടു; തമിഴ്നാട്ടിൽ ഒരു ക്ഷേത്രം കൂടി പൂട്ടി റവന്യു വകുപ്പ്
ദളിത് യുവാവിനെ ഇറക്കിവിട്ട ക്ഷേത്രം താത്ക്കാലികമായി പൂട്ടി തമിഴ്നാട് റവന്യു വകുപ്പ്. കരൂർ ജില്ലയിലെ കടവൂരിനടുത്ത് വീരണംപട്ടിയിലെ ശ്രീ കാളിയമ്മൻ ക്ഷേത്രമാണ് പൂട്ടിയത്. ജൂൺ ഏഴിനാണ് ദളിത് വിഭാഗത്തിൽപെട്ട ഒരാൾ ക്ഷേത്രത്തിൽ പ്രവേശിക്കാൻ ശ്രമിച്ചതിനെ തുടർന്ന് വീരണംപട്ടിയിൽ സംഘർഷാവസ്ഥ ഉടലെടുത്തത്. പ്രാർത്ഥിക്കാനായി ക്ഷേത്രത്തിൽ പ്രവേശിച്ച പറയർ വിഭാഗത്തിൽപെട്ട ശക്തിവേലിനെ ഊരാളി ഗൗണ്ടർ സമുദായത്തിൽ നിന്നുള്ള മാണിക്കം എന്ന വ്യക്തി അമ്പലത്തിൽ നിന്നും വലിച്ചിഴച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. പൊലിസിൽ പരാതി നൽകാതിരുന്ന ശക്തിവേൽ, ജാതി വിവേചനം നേരിട്ടതായും ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കുന്നില്ലെന്നും ജില്ലാ ഭരണകൂടത്തെ നേരിട്ട് അറിയിക്കുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ കടവൂർ റവന്യൂ ഡിവിഷൻ ഓഫീസർ മുനിരാജ് ഉൾപ്പെടെയുള്ള ജില്ലാ ഭരണകൂട ഉദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ചർച്ച നടത്തി. എന്നാൽ, ജില്ലാ ഭരണകൂടം ക്ഷേത്രത്തിൽ ദളിതരെ പ്രവേശിപ്പിക്കുന്നത് തടയുന്നതിനായി ഊരാളി ഗൗണ്ടർമാർ ക്ഷേത്രം അടച്ചു. എന്നാൽ, ഇന്ന് അധികൃതരെ അറിയിക്കാതെ ഇന്നലെ ക്ഷത്രത്തിൽ ഘോഷയാത്ര നടത്തിയിരുന്നു. ക്ഷേത്രത്തിൽ ദളിതർ പ്രവേശിക്കാൻ ശ്രമിച്ചപ്പോൾ ഊരാളി ഗൗണ്ടർമാർ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ചു.
ഇതുവരെയും പറയരെ ക്ഷേത്രത്തിനകത്ത് കയറ്റിയിട്ടില്ലെന്നും ഈ ആചാരം തുടരാൻ ആഗ്രഹിക്കുന്നതായും സമാധാന ചർച്ചയ്ക്കിടെ ഊരാളി ഗൗണ്ടർമാർ അറിയിച്ചു. എന്നാൽ, ദലിതർക്ക് ക്ഷേത്രത്തിൽ പ്രവേശനം നിഷേധിക്കുന്നത് ഇന്ത്യൻ ഭരണഘടനക്ക് എതിരാണെന്നും ക്ഷേത്രകാര്യങ്ങൾ ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റിൻറെ നിയന്ത്രണത്തിൽ കൊണ്ടുവരുമെന്നും അധികൃതർ ഊരാളി ഗൗണ്ടർമാരോട് അറിയിച്ചു. തുടർന്നാണ്, പ്രദേശത്തെ സംഘർഷാവസ്ഥക്ക് അറുതി വരുത്തുന്നതിനായി ക്ഷേത്രം താത്കാലികമായി അടച്ചിടാൻ അധികൃതർ തീരുമാനം എടുത്തത്.