കേരളം
സംസ്ഥാനത്ത് കോഴിയിറച്ചി വിലയിൽ വൻ വർധന
സംസ്ഥാനത്ത് കോഴി ഇറച്ചി വിലയിൽ വൻ വർധന. ഒരു കിലോ കോഴി ഇറച്ചിയ്ക്ക് വില 220 മുതൽ 250 വരെയായി. കോഴി വില 160 മുതൽ 170 രൂപ വരെയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ കോഴിയിറച്ചി വില കൂടിയത് 90 രൂപയാണ്.
കോഴിവില കൂടിയതോടെ കോഴിമുട്ടയുടെ വിലയും വർധിച്ചു. ഒരു കോഴി മുട്ടയ്ക്ക് 6 രൂപയാണ് നിലവിലെ വില. 4-5 രൂപയായിരുന്ന മുട്ടയ്ക്കാണ് നിലവിൽ 6 രൂപയായത്.
ചൂട് കൂടിയതോടെ ഉത്പാദനം കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണമെന്ന് ഫാം ഉടമകൾ പറയുന്നു. എന്നാൽ അനാവശ്യമായി ഫാം ഉടമകൾ വില വർധിപ്പിക്കുന്നുവെന്നാണ് വ്യാപാരികളുടെ പരാതി.
കേരളത്തിൽ കോഴി ക്ഷാമം വന്നതോടെ തമിഴ്നാട്ടിൽ നിന്നും കൂടിയ വിലയ്ക്ക് കോഴി എത്തുന്നുണ്ട്. എന്നാൽ കൂടിയ വിലയിൽ കേരളത്തിലെ ചില മൊത്തക്കച്ചവടക്കാർ മാത്രമാണ് വാങ്ങുന്നത്. കോഴി ഇറച്ചിക്ക് വില കൂടിയത് ഹോട്ടൽ വ്യാപാരികളെയും വെട്ടിലാക്കി. കോഴി വില കൂടിയാലും കോഴി വിഭവങ്ങൾക്ക് നിലവിലെ സാഹചര്യത്തിൽ വില കൂട്ടി വിൽക്കാൻ കഴിയാത്ത അവസ്ഥയാണ്. എന്നാൽ കോഴി വിഭവം ഒഴിവാക്കി കച്ചവടം നടത്തി മുന്നോട്ടുപോകാൻ കഴിയില്ലെന്നും ഹോട്ടൽ വ്യാപാരികൾ പറയുന്നു.