കേരളം
ചേന്നപ്പാടിയിൽ ഭൂമിക്കടിയില്‍ നിന്ന് വീണ്ടും മുഴക്കം; വിദഗ്ധ പരിശോധന നടന്നില്ലെന്ന് പരാതി
കോട്ടയം എരുമേലിയില്‍ ഭൂമിക്കടിയില്‍ നിന്ന് മുഴക്കം കേള്‍ക്കുന്നതില്‍ ആശങ്ക ഒഴിയുന്നില്ല. ഇന്നലെ വീണ്ടും ശബ്ദം ഉണ്ടായതായി നാട്ടുകാര്‍ പറയുന്നു. ആദ്യമായി ശബ്ദം കേട്ട് ഒരാഴ്ച പിന്നിട്ടിട്ടും വിദഗ്ധ പരിശോധന നടന്നില്ല എന്ന പരാതിയും ഉയരുന്നുണ്ട്.
ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെയാണ് ഭൂമിക്കടിയില്‍ വീണ്ടും മുഴക്കം കേട്ടത്. തുടര്‍ച്ചയായ മൂന്നാം ദിവസവും മുഴക്കം ഉണ്ടയാതോടെ നാട്ടുകാരുടെ ആശങ്ക വര്‍ധിച്ചു. കഴിഞ്ഞ തിങ്കളാഴ്ച്ച മുതല്‍ പത്തില്‍ അധികം തവണയാണ് മുഴക്കം കേട്ടത്. ചൊവ്വാഴ്ച ജിയോളജി വകുപ്പിന്റെ പ്രാഥമിക പരിശോധന സ്ഥലത്ത് നടന്നിരുന്നു.
ഇതിനു പിന്നാലെ വീണ്ടും ശബ്ദം കേട്ടതോടെ, കൂടുതല്‍ പരിശോധനയ്ക്കായി സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സിലെ വിദഗ്ധരെ എത്തിക്കുമെന്ന് മന്ത്രി കെ രാജന്‍ വ്യക്തമാക്കി. എന്നാല്‍ അത് വെറും വാക്കായി. മുഴക്കത്തിന്റെ കാരണം ഇപ്പോഴും വ്യക്തമായിട്ടില്ല. കാലവര്‍ഷം അടുത്തതോടെ ഭൂമിക്കടിയില്‍ നിന്ന് കേള്‍ക്കുന്ന മുഴക്കം ചേനപ്പാടിക്കാരുടെ ഉറക്കം കെടുത്തുകയാണ്.