കേരളം
ആംബുലൻസ് മിഷൻ വിജയം; ഹൃദയാഘാതം ഉണ്ടായ 17കാരിയെ അമൃതയിൽ എത്തിച്ചു
![](https://citizenkerala.com/wp-content/uploads/2023/06/20230601_144208.jpg)
കട്ടപ്പനയിലെ ഇരട്ടയാറില്‍ വെച്ച് ഹൃദയാഘാതമുണ്ടായ 17കാരിയേയും കൊണ്ട് പുറപ്പെട്ട ആംബുലന്‍സ് എറണാകുളം അമൃത ആശുപത്രിയിലെത്തി. 2.40 മണിക്കൂര്‍ കൊണ്ട് 132 കിലോമീറ്റര്‍ താണ്ടിയാണ് ആംബുലന്‍സ് അമൃതയിലെത്തിയത്. ആംബുലന്‍സിന് വഴിയൊരുക്കാന്‍ പൊലീസ് നിര്‍ദേശം നല്‍കിയിരുന്നു.
ഇരട്ടയാര്‍ സ്വദേശി ആന്‍ മരിയക്കാണ് ഹൃദയാഘാതമുണ്ടായത്. കുട്ടിയെ ആദ്യം കട്ടപ്പനയിലെ സെന്റ്. ജോണ്‍സ് ആശുപത്രിയിലാണ് എത്തിച്ചത്. ഇവിടെനിന്ന് വിദഗ്ധ ചികിത്സയ്ക്ക് വേണ്ടി അമൃതയിലേക്ക് കൊണ്ടുവന്നത്. കെഎല്‍ 08 എച്ച് 9844 ആംബുലന്‍സിലാണ് കുട്ടിയെ എത്തിച്ചത്. കട്ടപ്പനയില്‍നിന്ന് പുറപ്പെട്ട ആംബുലന്‍സ് ചെറുതോണി – തൊടുപുഴ – മുവാറ്റുപുഴ – വൈറ്റില വഴിയാണ് അമൃത ആശുപത്രിയില്‍ എത്തിയത്.
ആംബുലന്‍സിന് മുന്നില്‍ ഗതാഗതം നിയന്ത്രിച്ച് പൊലീസ് വാഹനമുണ്ടായിരുന്നു. ആശുപത്രിയില്‍ എത്തിച്ച കുട്ടിയെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. കുട്ടിയുമായി വരുന്ന വിവരം അറിഞ്ഞ്, നേരത്തെ തന്നെ അമൃത ആശുപത്രിയില്‍ സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നു.
ഇന്ന് രാവിലെ കട്ടപ്പന പള്ളിയിൽ കുർബാനയ്ക്കിടെയാണ് കുട്ടിക്ക് ഹൃദയാഘാതമുണ്ടായത്. പിന്നീട് സെന്റ് ജോൺസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെ വെച്ച് അമൃത ആശുപത്രിയിലെ ഡോക്ടർമാരുടെ നിർദ്ദേശത്തോടെ ചികിത്സ നടത്തി. പിന്നീടാണ് ആൻ മരിയയുമായി ആംബുലൻസ് കൊച്ചിയിലേക്ക് പുറപ്പെട്ടത്. കട്ടപ്പനയിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ കാഞ്ഞാറിൽ വെച്ച് ഗതാഗതക്കുരുക്കിൽ പെട്ടിരുന്നു. എന്നാൽ പിന്നീട് വഴികളിലൊന്നും കുഴപ്പമുണ്ടായില്ല. ഓട്ടോറിക്ഷാ തൊഴിലാളികളും ചുമട്ടുതൊഴിലാളികളും നാട്ടുകാരും അടക്കം റോഡിലിറങ്ങി ആംബുലൻസിന് വഴിയൊരുക്കി. ആംബുലൻസ് കട്ടപ്പനയിൽ നിന്ന് കൊച്ചിയിലേക്കുള്ള 133 കിലോമീറ്റർ ദൂരം സഞ്ചരിച്ചത് 2 മണിക്കൂർ 39 മിനിറ്റിലാണ്. സാധാരണഗതിയിൽ 3 മണിക്കൂർ 56 മിനിറ്റ് എടുക്കുന്ന ദൂരമാണിത്. വഴിയിലുടനീളം പൊലീസ് സൗകര്യം ഒരുക്കിയതിനാൽ ഗതാഗത കുരുക്കില്ലാതെ യാത്ര സാധ്യമായിരുന്നു.