കേരളം
തീപിടുത്തം നിര്‍ത്തിയിട്ട ട്രെയിനിൽ; കാനുമായി ഒരാള്‍ എത്തുന്നത് സിസിടിവിയില്‍
എലത്തൂര്‍ കേസിലെ ട്രെയിനിന് തീപിടിച്ച സംഭവത്തില്‍ തീപിടുത്തത്തിന് തൊട്ടുമുന്‍പുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ട്രെയിനനടുത്തേക്ക് കാനുമായി ഒരാള്‍ പോകുന്നതാണ് റെയില്‍വേയ്ക്ക് ലഭിച്ച ദൃശ്യങ്ങളിലുള്ളത്. സംഭവത്തില്‍ അട്ടിമറി സാധ്യത റെയില്‍വേ തള്ളിക്കളഞ്ഞിട്ടില്ല. ദൃശ്യങ്ങള്‍ നിലവില്‍ റെയില്‍വേ പരിശോധിക്കുകയാണ്.
തീ പിടിത്തമുണ്ടായതിനെ തുടര്‍ന്ന് ഒരു ബോഗി പൂര്‍ണമായും കത്തി നശിച്ചു. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലെ ട്രാക്കില്‍ നിര്‍ത്തിയിട്ടിരുന്ന ട്രയിനിന്റെ ഒരു ബോഗിയാണ് കത്തിയത്. എലത്തൂരില്‍ ആക്രമണം നടന്ന അതേ ട്രയിനിന് തന്നെയാണ് തീപിടിച്ചതെന്നാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. വിവിധ ഏജന്‍സികള്‍ ചേര്‍ന്നാണ് പരിശോധന.
നിര്‍ത്തിയിട്ടിരുന്ന എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ ബോഗിയാണ് കത്തി നശിച്ചത്. തീയിട്ടതാകാനുള്ള സാധ്യത സംശയിക്കുന്നതായാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്. പ്രാഥമിക അന്വേഷണം പുരോഗമിക്കുകയാണ്.ഏപ്രില്‍ രണ്ടിനാണ് എലത്തൂരില്‍ വെച്ച് ഇതേ ട്രയിനില്‍ ആക്രമണമുണ്ടായത്.
ഒന്നേകാലിന് ആണ് തീ കണ്ടതെന്ന് കണ്ണൂരിൽ ട്രെയിൻ കത്തിയ സംഭവത്തിന്റെ ദൃക്സാക്ഷി. മൂന്നാമത്തെ പ്ലാറ്റ്ഫോമിലേക്ക് പോവുകയായിരുന്നു. ആദ്യം വേയ്സ്റ്റ് കത്തുന്നതാണെന്ന് കരുതുകയായിരുന്നു. പാർസൽ ജീവനക്കാർ ഉണ്ടായിരുന്നു അവിടെ. പുകയുണ്ടെന്ന് പറഞ്ഞ് അവർ പോയി നോക്കി. അങ്ങനെയാണ് ട്രെയിനിന് തീ പിടിച്ചതാണെന്ന് കണ്ടെത്തിയത്. സ്റ്റേഷൻ മാഷോട് വിഷയം അവതരിപ്പിച്ചു. അപ്പോഴേക്കും സൈറൻ മുഴക്കി.
പതിനഞ്ചു മിനിറ്റോടെ തീ ആളിപ്പടർന്നു. ആദ്യം ബാത്ത്റൂമിന്റെ സൈഡിലാണ് തീ കണ്ടത്. പിന്നീട് മുഴുവനായി കത്തുകയായിരുന്നു. അരമണിക്കൂറിനുള്ളിൽ ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. ഏകദേശം ഒരു മണിക്കൂറോളം തീ കത്തുകയായിരുന്നു. തീ പെട്ടെന്നായിരുന്നു കത്തിയത്. അതുകൊണ്ടുതന്നെ ദുരൂഹതയുണ്ടെന്നാണ് സംശയമെന്നും ദൃക്സാക്ഷി പറയുന്നു.
അതിനിടെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ റെയില്‍വേയുടെ പരിശോധന തുടങ്ങി. പാലക്കാട് എഡിആര്‍എം സക്കീര്‍ ഹുസൈന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധിക്കുന്നത്. അന്വേഷണം പൂര്‍ത്തിയായ ശേഷം കൂടുതല്‍ പ്രതികരിക്കാമെന്ന് സക്കീര്‍ ഹുസൈന് മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോള്‍ ഒരു നിഗമനത്തിലെത്താന്‍ കഴിയില്ല. ഫൊറന്‍സിക് പരിശോധനയിലെ തീപിടിത്തത്തിന്റെ കാരണം വ്യക്തമാകൂ എന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് എലത്തൂരില്‍ ഷാറുഖ് സെയ്ഫി കത്തിച്ച അതേ ട്രെയിനിലാണ് തീപിടിത്തമുണ്ടായത്. ആലപ്പുഴ – കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിന്റെ ബോഗിയാണ് കത്തിയത്. എന്ജിന് വേര്‍പെടുത്തിയ ശേഷം ജനറല്‍ കംപാര്‍ട്ട്മെന്റിലെ ബോഗിയില്‍ തീപിടിത്തമുണ്ടായതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്.