ദേശീയം
രാജ്യത്തെ 150 മെഡിക്കല്‍ കോളേജുകളുടെ അംഗീകാരം നഷ്‍ടമായേക്കും
ചട്ടങ്ങൾ പാലിക്കാത്തതും മികവ് പ്രകടിപ്പിക്കാത്തതുമായ രാജ്യത്തെ 150 ഓളം മെഡിക്കൽ കോളേജുകൾക്ക് ദേശീയ മെഡിക്കൽ കമ്മീഷന്റെ അംഗീകാരം നഷ്ടപ്പെടാൻ സാധ്യത. ഇത്തരത്തിൽ 40 മെഡിക്കൽ കോളേജുകളുടെ അംഗീകാരം ഇതിനോടകം നഷ്ടപ്പെട്ടു കഴിഞ്ഞു.
ചട്ടങ്ങൾ പാലിക്കാത്ത ഗുജറാത്ത്, അസം, പുതുച്ചേരി, തമിഴ്നാട്, പഞ്ചാബ്, ആന്ധ്രപ്രദേശ്, ത്രിപുര, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ മെഡിക്കൽ കോളേജുകളാണ് ദേശീയ മെഡിക്കൽ കമ്മീഷന്റെ റഡാറിലുള്ളത്.
കമ്മീഷന്റെ മെഡിക്കൽ വിദ്യാഭ്യാസ ബോർഡ് ഒരു മാസത്തിലേറെയായി നടത്തി വന്ന പരിശോധനയിലാണ് കോളേജുകൾ ചട്ടങ്ങൾ പാലിക്കാത്തതും മറ്റും ബോധ്യപ്പെട്ടത്. സിസിടിവി ക്യാമറകൾ, ആധാർ ബന്ധിപ്പിച്ച ബയോമെട്രിക് ഹാജർ നടപടിക്രമങ്ങളിലെ അപാകതകൾ തുടങ്ങിയ കാര്യങ്ങളിലാണ് പോരായ്മകൾ വെളിപ്പെട്ടത്.
കൃത്യമായി ക്യാമറ സ്ഥാപിക്കലും അവയുടെ പ്രവർത്തനവും ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ കോളേജുകൾ പാലിക്കുന്നില്ലെന്ന് അധികൃതർ പറഞ്ഞു. ബയോമെട്രിക് സൗകര്യം കൃത്യമായി പ്രവർത്തിച്ചിരുന്നില്ല. ഫാക്കൽറ്റികളിലെ പല തസ്തികകളും ഒഴിഞ്ഞുകിടക്കുന്നതായും പരിശോധനയിൽ കണ്ടെത്തി.