ദേശീയം
മെഡലുകള്‍ ഒഴുക്കി പ്രതിഷേധിക്കാനുള്ള വേദി അല്ല ഇത്; എതിര്‍പ്പുമായി ഗംഗ ആരതി സമിതി
ഗുസ്തി ഫെഡറേഷന് മുന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ് സിങിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമുയര്‍ത്തിയുള്ള കടുത്ത പ്രതിഷേധത്തിന്റെ ഭാഗമായി മെഡലുകള്‍ ഗംഗാനദിയില്‍ ഒഴുക്കാനുള്ള ഗുസ്തി താരങ്ങളുടെ തീരുമാനത്തിനെതിരെ എതിര്‍പ്പുമായി ഗംഗ ആരതി സമിതി. ഹര് കി പൗഡി പ്രതിഷേധിക്കാനുള്ള വേദിയല്ലെന്ന് ഗംഗ ആരതി സമിതി പ്രഖ്യാപിച്ചു.
ഗുസ്തി താരങ്ങള്‍ മെഡലുകള്‍ ഗംഗയില്‍ ഒഴുക്കാനിരിക്കെ രാകേഷ് ടികായത്ത് ഉള്‍പ്പെടെയുള്ള കര്‍ഷക നേതാക്കള്‍ ഹരിദ്വാറിലേക്ക് തിരിച്ചു കഴിഞ്ഞിട്ടുണ്ട്. താരങ്ങള്‍ മെഡലുകള്‍ ഗംഗാനദിയില്‍ ഒഴുക്കരുതെന്ന് കര്‍ഷക നേതാക്കള്‍ പറഞ്ഞു.
മെഡലുകള്‍ ഗംഗയിലൊഴുക്കുമെന്ന് തീരുമാനിച്ചുറപ്പിച്ച് സാക്ഷി മാലികും വിനേഷ് ഫോഗട്ടും അടക്കമുള്ളവര്‍ ഹരിദ്വാറിലെത്തി. രാജ്യത്തിനഭിമായി തങ്ങള്‍ക്ക് ലഭിച്ച മെഡലുകള്‍ നദിയില്‍ ഒഴുക്കുമെന്ന് താരങ്ങള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു.
ഹരിദ്വാറിലെത്തുന്ന താരങ്ങളെ തടയില്ലെന്ന് എഎസ്പി അജയ് സിങ് അറിയിച്ചു. തടയാന്‍ തങ്ങള്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് നിലപാട്. നീതി നിഷേധത്തിനെതിരെ സമരം തുടരുമെന്ന് ഹരിദ്വാറിലെത്തിയ ഗുസ്തി താരങ്ങള്‍ ആവര്‍ത്തിച്ചു.മെഡലുകള്‍ തങ്ങളുടെ ജീവനും ആത്മാവുമാണെന്ന് സാക്ഷി മാലിക് വികാരധീനയായി പ്രതികരിച്ചു.
എം.പി. കൂടിയായ ബ്രിജ് ഭൂഷണ് സിങ്ങിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ഏപ്രില്‍ 21 മുതല്‍ ഗുസ്തി താരങ്ങള്‍ പ്രതിഷേധം നടത്തിവരികയാണ്. നിരവധി ദേശീയ ഗുസ്തി താരങ്ങള്‍ ബ്രിജ് ഭൂഷണെതിരെ ലൈംഗികപിഡനപരാതി ഉന്നയിച്ചിട്ടുണ്ട്. ഇതില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു താരവും ഉള്‍പ്പെടും. ഞായറാഴ്ച പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിന് പിന്നാലെ പ്രതിഷേധമാര്‍ച്ച് നടത്തിയ ഗുസ്തി താരങ്ങളില്‍ പലരേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. താരങ്ങളുടെ സമരപ്പന്തലുകള്‍ പൊളിക്കുകയും പ്രതിഷേധസമരത്തിന്റെ സംഘാടകര്‍ക്കെതിരെ കലാപം, നിയമവിരുദ്ധമായ കൂടിച്ചേരലിനും കേസെടുക്കുകയും ചെയ്തു.