കേരളം
സിദ്ദിഖ് കൊലപാതകം: ഹണിട്രാപ്പിലൂടെ ലക്ഷ്യമിട്ടത് അഞ്ചുലക്ഷം രൂപ, കോള്‍ ലിസ്റ്റില്‍ നിന്ന് തുമ്പ് കിട്ടി
കോഴിക്കോട്ടെ വ്യാപാരിയെ കൊന്ന് കഷ്ണങ്ങളാക്കി സ്യൂട്ട് കേസിലാക്കിയ സംഭവത്തില്‍ സിദ്ദിഖിനെ ഹണിട്രാപ്പില്‍ കുടുക്കി അഞ്ചുലക്ഷം രൂപ തട്ടിയെടുക്കാനാണ് പ്രതികള്‍ ലക്ഷ്യമിട്ടതെന്ന് പൊലീസ്. കോഴിക്കോട് എരഞ്ഞിപ്പാലത്ത് ലോഡ്ജില്‍ മുറിയെടുത്ത സിദ്ദിഖിന്റെ അടുത്ത് ആദ്യമെത്തിയത് പ്രതികളില്‍ ഒരാളായ ഫര്‍ഹാനയാണ്. ഇരുവരും തമ്മില്‍ അരമണിക്കൂറോളം സംസാരിച്ചു. തുടര്‍ന്ന് മുറിയിലെത്തിയ മറ്റൊരു പ്രതിയായ ഷിബിലിയും പരിചയക്കാരനായതിനാല്‍ മൂവരും സംസാരം തുടര്‍ന്നു. പെട്ടെന്നു മുറിയിലേക്ക് മൂന്നാമത്തെ പ്രതിയായ ആഷിഖ് കയറിവന്നതോടെയാണ് രംഗം മാറിയതെന്നും പൊലീസ് പറയുന്നു.
ഹണിട്രാപ്പിനായി സിദ്ദിഖിന്റെ നഗ്‌നചിത്രം എടുക്കാന്‍ മൂന്നുപേരും ചേര്‍ന്ന് ശ്രമിച്ചു. പിന്നീട് ഷിബിലി കത്തിചൂണ്ടി പണം ആവശ്യപ്പെട്ടു. ചെറുത്തുനില്‍പ്പ് തുടര്‍ന്നപ്പോഴാണ് ഫര്‍ഹാന ബാഗില്‍ സൂക്ഷിച്ചിരുന്ന ചുറ്റികയെടുത്തു നല്‍കിയതും ഷിബിലി തലയ്ക്കടിച്ചതും. ആഷിഖ് മുറിയിലെത്തി 5 മിനിറ്റിനകം കൊലപാതകം നടന്നതായാണ് പൊലീസിന്റെ നിഗമനം.
സംഭവത്തില്‍ പ്രതികള്‍ക്ക് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നാണു കരുതുന്നതെങ്കിലും പ്രതികളുടെ ഫോണില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം തുടരും. തെക്കന്‍ ജില്ലയില്‍നിന്നുള്ള ഒരു സുഹൃത്തിനോട് സംഭവ ദിവസം കോഴിക്കോട്ടെത്താന്‍ പറഞ്ഞിരുന്നതായി ഫര്‍ഹാന ചോദ്യം ചെയ്യലില്‍ പൊലീസിനോട് സമ്മതിച്ചു. എന്നാല്‍, മറ്റു തിരക്കുകളുള്ളതിനാല്‍ വരാനാവില്ലെന്ന് ഇയാള്‍ മറുപടി നല്‍കി. ഫോണ്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തപ്പോഴാണ് ഫര്‍ഹാന ഇക്കാര്യം സമ്മതിച്ചത്. ഇയാള്‍ക്ക് സംഭവത്തെക്കുറിച്ച് അറിവില്ലെന്നാണ് നിഗമനം. ഇയാളെ കേസില്‍ സാക്ഷിയാക്കും.
സിദ്ദിഖില്‍ നിന്ന് ഏതു വിധേനയും പണം തട്ടണമെന്ന ലക്ഷ്യത്തോടെയാണ് ഷിബിലിയും ഫര്‍ഹാനയും ആഷിഖുമെത്തിയതെന്നും പൊലീസ് പറയുന്നു. എന്നാല്‍ കൊല നടന്നതോടെ എടിഎം കാര്‍ഡ് മാത്രമാണ് ലഭിച്ചത്. ഇതില്‍ നിന്ന് 1.37 ലക്ഷം കൈക്കലാക്കുകയും ചെയ്തു.
അതിനിടെ അന്വേഷണം തുടങ്ങിയ പൊലീസ് സിദ്ദിഖിന്റെ കോള്‍ ലിസ്റ്റ് പരിശോധിച്ചു. ഇതില്‍ നിന്ന് ഷിബിലിയുടെയും ഫര്‍ഹാനയുടെയും നമ്പറുകള്‍ കിട്ടി. ഇതിലേക്കു വിളിച്ചു സിദ്ദിഖിനെ പരിചയമുണ്ടോ എന്നു പൊലീസ് ചോദിച്ചു. ഇല്ലെന്നായിരുന്നു രണ്ടും പേരും നല്‍കിയ മറുപടി. ഇതോടെ അന്വേഷണം തങ്ങളുടെ നേര്‍ക്ക് വരുന്നുണ്ടെന്നു മനസ്സിലാക്കിയ 2 പേരും മുങ്ങുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
ഷിബിലിയും ഫര്‍ഹാനയും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തതോടെ ഇവരുടെ കോള്‍ലിസ്റ്റ് പൊലീസ് പരിശോധിച്ചു. ഇതില്‍ അസാധാരണമായി കോള്‍ പോയത് ആഷിഖിന്റെ ഫോണിലേക്കാണെന്നു മനസ്സിലാക്കി. ആഷിഖിനെ വിളിച്ചില്ല. ഷിബിലിയും ഫര്‍ഹാനയും സ്വിച്ച് ഓഫ് ചെയ്തു പോയ പോലെ ആഷിഖും പോകുമെന്ന് പൊലീസ് കരുതി. ആഷിഖിന്റെ വീട് പൊലീസ് കണ്ടുപിടിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.