ദേശീയം
മലയാളി നയിക്കും ഇനി കർണാടക നിയമസഭ; യു ടി ഖാദർ കർണാടക സ്പീക്കർ ആവും
മലയാളിയായ യു ടി ഖാദർ കർണാടക സ്പീക്കർ ആവും.സ്പീക്കർ തിരഞ്ഞെടുപ്പിൽ ഖാദറെ സ്ഥാനാർഥിയാക്കാൻ കോൺഗ്രസ് തീരുമാനിച്ചു.ഖാദർ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും.നാളെയാണ് തെരഞ്ഞെടുപ്പ്. നേരെത്തെ ടി ബി ജയചന്ദ്ര, എച്ച് കെ പാട്ടീൽ എന്നിവരെയാണ് പാർട്ടി പരിഗണിച്ചിരുന്നത്.
ഇന്നലെ വൈകീട്ട് കെ സി വേണുഗോപാലും രൺദീപ് സിംഗ് സുർജവാലയും, ഖാദറുമായി നടത്തിയ ചർച്ചയിൽ ആണ് തീരുമാനം. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും സ്ഥാനാർഥിയെ പിന്തുണച്ച് നാമനിർദേശ പത്രികയിൽ ഒപ്പിടും. മംഗളുരു മണ്ഡലത്തിൽ നിന്ന് അഞ്ചാം തവണ ജയിച്ച ഖാദർ നേരത്തെ ഭക്ഷ്യ വകുപ്പ് മന്ത്രിയായിരുന്നു.കഴിഞ്ഞ സഭയിൽ പ്രതിപക്ഷ ഉപനേതാവിന്‍റെ ചുമതലയും വഹിച്ചിട്ടുണ്ട്. കർണാടകയിൽ നിന്നുള്ള ആദ്യ മുസ്ലിം സ്പീക്കറാവും ഖാദർ.
രണ്ടു തവണ ഉള്ളാൾ മണ്ഡലം എം.എൽ.എയായിരുന്ന യു.ടി. ഫരീദ് നിര്യാതനായതിനെത്തുടർന്ന് 2007ൽ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് മകൻ ഖാദർ ആദ്യമായി എം.എൽ.എയായത്. തുടർന്ന് എല്ലാ തെരഞ്ഞെടുപ്പുകളിലും വിജയിച്ചു. 2013ലെ സിദ്ധരാമയ്യ മന്ത്രിസഭയിൽ അംഗമായിരുന്നു. നിയമ ബിരുദധാരിയാണ് ഖാദർ.
രണ്ടാം സിദ്ധരാമയ്യ സർക്കാരിന്‍റെ ആദ്യനിയമസഭാ സമ്മേളനത്തിൽ ഇന്നലെ 223 എംഎൽഎമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രോ തെം സ്പീക്കറായ ആർ വി ദേശ്പാണ്ഡേ ആണ് എംഎൽഎമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. ആദ്യം മുഖ്യമന്ത്രി സിദ്ധരാമയ്യയും രണ്ടാമത് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറുമാണ് സത്യപ്രതിജ്ഞ ചെയ്തത്. ഈ ആഴ്ച തന്നെ മന്ത്രിസഭാ വികസനം നടത്താനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.