കേരളം
കോഴിക്കോട്ട് ദമ്പതികള്‍ക്കു നേരെ ആക്രമണം: 5 പേർ കസ്റ്റഡിയിൽ, ഒരു ബൈക്കും പിടിച്ചെടുത്തു
കോഴിക്കോട് നഗരത്തിൽ യുവ ദമ്പതികള്‍ക്കു നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് അഞ്ച് പേർ കസ്റ്റഡിയിൽ. ഒരു ബൈക്കും നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രി ബൈക്കില്‍ പോകുമ്പോഴാണ് അഞ്ചംഗ സംഘം ദമ്പതികളെ ആക്രമിച്ചത്.
ഇരിങ്ങാടന്‍പള്ളി സ്വദേശികള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. ഭാര്യയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തപ്പോഴായിരുന്നു മര്‍ദനമെന്ന് ആക്രമിക്കപ്പെട്ട അശ്വിൻ പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി പത്തോടെയായിരുന്നു സംഭവം. ഭാര്യയും ഞാനും സിനിമ കണ്ട ശേഷം ഭക്ഷണം കഴിക്കാനായി നഗരത്തിലേക്കു പോകുകയായിരുന്നു. ഈ സമയത്തു 2 സ്കൂട്ടറുകളിലായി 5 യുവാക്കൾ വന്നു. ഞങ്ങളെ കളിയാക്കുന്ന പോലെ അവർ പാട്ടുപാടി. ഭാര്യയെ കണ്ണിറുക്കി കാണിച്ചപ്പോൾ ഞാൻ ചോദ്യം ചെയ്തു.
അപ്പോൾ അവരുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരാൾ എന്നെ വന്നു തല്ലി. മോശമായ വാക്കുകൾ ഉപയോഗിച്ചു ഞങ്ങളോടു കയർത്തു സംസാരിച്ചു. യാതൊരു പ്രകോപനവും ഞങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. എന്തിനാണ് മർദിച്ചതെന്നു ഇപ്പോഴും അറിയില്ല.’’– അശ്വിൻ പറഞ്ഞു.
മുൻപരിചയമൊന്നും ഇല്ലാത്തവരാണ് ആക്രമിച്ചത്. ഇവർ മദ്യപിച്ചിരുന്നതായി സംശയമുണ്ട്. ഹെൽമറ്റ് ഇട്ടിരുന്നതിനാൽ അതിനിടയിൽക്കൂടിയാണ് മുഖത്തടിച്ചത്. കുടുംബവുമൊത്തു പുറത്തുപോകാൻ പറ്റാത്ത അവസ്ഥയാണ്. ഉടനെ തന്നെ വണ്ടിയുടെ നമ്പർ ഉൾപ്പെടെ നടക്കാവ് പൊലീസിനു പരാതി നൽകിയെന്ന് അശ്വിൻ വ്യക്തമാക്കി.