കേരളം
‘ജീൻസും ലെഗിങ്‌സും ടീ ഷർട്ടും വേണ്ട’, സ്കൂൾ അധ്യാപകർക്ക് ഡ്രസ് കോഡുമായി അസം
സ്കൂൾ അധ്യാപകർക്ക് ഡ്രസ് കോഡ് പുറപ്പെടുവിച്ച് അസം സർക്കാർ. പൊതുസമൂഹത്തിന് സ്വീകാര്യമല്ലാത്ത രീതിയിൽ ചില അധ്യാപകർ വസ്ത്രം ധരിക്കുന്നത് വർധിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് ഉത്തരവിൽ പറയുന്നു.
സ്‌കൂൾ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ വിജ്ഞാപന പ്രകാരം പുരുഷ അധ്യാപകർ ടീ ഷർട്ടും ജീൻസും ധരിക്കരുത്. വനിതാ അധ്യാപകർ ടീ ഷർട്ടും, ജീൻസും, ലെഗിങ്‌സും ധരിച്ച് സ്കൂളിൽ എത്താൻ പാടില്ല. എല്ലാ അധ്യാപകരും വൃത്തിയുള്ളതും എളിമയുള്ളതും മാന്യവുമായ വസ്ത്രങ്ങൾ ധരിക്കണമെന്ന് വിജ്ഞാപനത്തിൽ പറയുന്നു.
കാഷ്വൽ, പാർട്ടി വസ്ത്രങ്ങൾ കർശനമായി ഒഴിവാക്കണമെന്നും ഉത്തരവിലുണ്ട്. പുരുഷ അധ്യാപകർക്ക് സർക്കാർ നിർദ്ദേശിച്ച വസ്ത്രങ്ങൾ ഷർട്ടുകളും പാന്റുകളുമാണ്. വനിതാ ടീച്ചർമാർക്ക് മാന്യമായ സൽവാർ സ്യൂട്ടും സാരിയും ധരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.