ദേശീയം
2000 നോട്ട് നിരോധനം; അച്ചടി നിർത്തിയിട്ട് ആറ് വർഷം! കൈയ്യിലുള്ളവ മാറ്റുന്നതിൽ നിയന്ത്രണം
ദില്ലി: രണ്ടായിരം നോട്ട് നിരോധിച്ചതോടെ വിപണിയിലുള്ള 2000 രൂപ നോട്ട് വിനിമയം ചെയ്യുന്നതിൽ റിസർവ് ബാങ്ക് മാർഗനിർദ്ദേശം പുറത്തിറക്കിയിട്ടുണ്ട്. 2000 രൂപ നോട്ട് നിരോധനം വലിയ തോതിൽ ജനത്തെ ബാധിക്കില്ലെന്ന പ്രതീക്ഷയിലാണ് കേന്ദ്ര സർക്കാരും റിസർവ് ബാങ്കും. നിലവിൽ ഇന്ത്യൻ വിപണിയിലുള്ളത് 3.62 ലക്ഷം കോടി രൂപ മൂല്യമുള്ള 2000 രൂപ നോട്ട് മാത്രമാണ്. മുൻപുണ്ടായിരുന്ന 2000 രൂപ നോട്ടുകൾ ഘട്ടംഘട്ടമായി പിൻവലിച്ചിരുന്നു. ഇപ്പോഴത്തെ തീരുമാനം 2016 നോട്ട് നിരോധനം പോലെ ജനത്തെ ബാധിക്കില്ലെന്നും റിസർവ് ബാങ്ക് കരുതുന്നു.
2017 ന് മുൻപാണ് രാജ്യത്ത് 2000 രൂപ നോട്ടുകൾ അച്ചടിച്ച് വിപണിയിലിറക്കിയത്. അതിന് ശേഷം ഈ കറൻസി റിസർവ് ബാങ്ക് അച്ചടിച്ചിരുന്നില്ല. ക്രമേണ 2000 രൂപ നോട്ട് പിൻവലിക്കുമെന്ന വിലയിരുത്തലുകൾ സാമ്പത്തിക വിദഗ്ദ്ധർ വളരെ മുൻപ് തന്നെ നൽകിയിരുന്നു. 2016 നോട്ട് നിരോധനത്തിന് ശേഷം സർക്കാർ ലക്ഷ്യമിട്ടത് പോലെ ഡിജിറ്റൽ പണമിടപാടുകൾ സജീവമായതും ഇപ്പോഴത്തെ തീരുമാനത്തിന് കാരണമായെന്നാണ് വിലയിരുത്തൽ.
2018 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ 33,632 ലക്ഷം നോട്ടുകളായിരുന്നു വിപണിയിൽ ഉണ്ടായിരുന്നത്. 2019 ൽ ഇത് 32,910 ലക്ഷമായി. 2020 ൽ 27,398 ലക്ഷവുമായും കുറഞ്ഞുവെന്നും റിസർവ് ബാങ്ക് നേരത്തേ വ്യക്തമാക്കിയിരുന്നു. ഏറ്റവും ഒടുവിലെ കണക്ക് പ്രകാരം ഇന്ത്യൻ വിപണിയിലുള്ളത് 1,81,00,00,000 കോടി എണ്ണം 2000 കറൻസി മാത്രമാണ് ഇന്ത്യയിലുള്ളത്.
സെപ്തംബർ 30 നാണ് 2000 രൂപ നോട്ട് ബാങ്കിൽ നിക്ഷേപിച്ച് മാറുന്നതിനുള്ള അവസാന തീയതി. മെയ് 23 മുതൽ നോട്ടുകൾ മാറാം. കൈയ്യിൽ ഒരു ലക്ഷം രൂപയുടെ 2000 രൂപ നോട്ടാണ് ഉള്ളതെങ്കിൽ ഇവ ഒറ്റയടിക്ക് മാറാൻ പറ്റില്ല. 20000 രൂപയുടെ കെട്ടുകളായി പല തവണയായി മാത്രമേ നോട്ട് മാറാനാവൂ. 2016 നോട്ട് നിരോധനം പോലെ ബാങ്കുകളിൽ വലിയ തിക്കും തിരക്കും അനുഭവപ്പെടില്ലെന്നാണ് കരുതുന്നത്. സെപ്തംബർ 30 ന് ശേഷം 500 രൂപയുടെ നോട്ടാവും വലിയ കറൻസി. ആയിരം രൂപയുടെ കറൻസി റിസർവ് ബാങ്ക് അച്ചടിച്ച് പുറത്തിറക്കുമോയെന്ന് വ്യക്തമായിട്ടില്ല.