ദേശീയം
കർണാടകത്തിൽ സിദ്ദരാമയ്യ വീണ്ടും മുഖ്യമന്ത്രിയാകും; ഡികെ ശിവകുമാറടക്കം രണ്ട് ഉപമുഖ്യമന്ത്രിമാർക്ക് സാധ്യത
കർണാടകത്തിൽ സിദ്ദരാമയ്യ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് വിവരം. കോൺഗ്രസ് ക്യാംപിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഡികെ ശിവകുമാർ ഉപമുഖ്യമന്ത്രിയാകും. സംസ്ഥാനത്ത് ബിജെപിയേക്കാൾ ഇരട്ടിയിലേറെ സീറ്റുകൾ നേടി വിജയിച്ച കോൺഗ്രസിന് മുന്നിൽ നേതാക്കൾ തമ്മിൽ തർക്കങ്ങളില്ലാതെ സർക്കാർ രൂപീകരിക്കുക പ്രധാനമാണ്.
കോൺഗ്രസിൽ നിന്ന് ജയിച്ചുവന്ന എംഎൽഎമാരിലും സിദ്ദരാമയ്യയെ പിന്തുണക്കുന്നവരാണ് അധികവും. അതേസമയം തെരഞ്ഞെടുപ്പിൽ കാര്യമായി സഹായിച്ച വൊക്കലിംഗ സമുദായത്തെയും കോൺഗ്രസ് പരിഗണിക്കും. ഈ സമുദായത്തിൽ നിന്നുള്ള ഒരാളെയും ഉപമുഖ്യമന്ത്രിയാക്കും. ഡികെ ശിവകുമാറിന് പ്രധാനപ്പെട്ട വകുപ്പുകൾ നൽകുമെന്നുമാണ് വിവരം.
കർണാടകത്തിൽ ജയിച്ച മുഴുവൻ സ്ഥാനാർത്ഥികളോടും ഉടൻ ബെംഗളൂരുവിൽ എത്താൻ പാർട്ടി നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്. സിദ്ദരാമയ്യയെ ആണ് മുഖ്യമന്ത്രി ആക്കേണ്ടതെന്ന് മകൻ യതീന്ദ്ര അഭിപ്രായപ്പെട്ടിട്ടുണ്ട്. ഭരണ വിരുദ്ധ വികാരം ശക്തമായി അലയടിച്ച കർണാടകത്തിൽ വൻ വിജയമാണ് കോൺഗ്രസ് നേടിയത്. സംസ്ഥാനത്ത് ആകെയുള്ള 224 സീറ്റിൽ 137 സീറ്റിലാണ് കോൺഗ്രസിന്റെ മുന്നേറ്റം. ബിജെപി 63 സീറ്റിലേക്ക് താഴ്ന്നു. കിങ് മേക്കറാകുമെന്ന് പ്രതീക്ഷിച്ച ജെഡിഎസിന് വെറും 20 സീറ്റിലാണ് ഇപ്പോൾ നേട്ടമുണ്ടാക്കാനായത്.
അതേസമയം ബിജെപി ക്യാംപിൽ പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് ഇത്തവണ ഉണ്ടായത്. തോൽവി സമ്മതിച്ച മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ തോൽവിയിൽ നിന്ന് പാഠമുൾക്കൊണ്ട് പാർട്ടിയിൽ മാറ്റങ്ങൾ വരുത്തുമെന്നും ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചുവരുമെന്നും പറഞ്ഞു. കർണാടകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുൻനിർത്തിയാണ് ബിജെപി മത്സരിച്ചതെന്ന വാദമുയർത്തി തോൽവിയുടെ ഭാരം നരേന്ദ്ര മോദിയുടേതാണെന്ന് കോൺഗ്രസ് നേതാക്കൾ വിമർശിക്കുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കുറി ആറ് ശതമാനം വോട്ടിന്റെ വർധനയാണ് കോൺഗ്രസിന് ഉണ്ടായത്. മൈസൂർ മേഖലയിൽ മാത്രം ആകെയുള്ള 61 സീറ്റിൽ 35 ഉം കോൺഗ്രസ് നേടി. ജെഡിഎസിന്റെ ശക്തികേന്ദ്രമായിരുന്നു ഇവിടം. മധ്യ കർണാടകയിൽ 25 ൽ 16 സീറ്റും ഹൈദരാബാദ് കർണാടകയിൽ 41 ൽ 23 സീറ്റും കോൺഗ്രസ് നേടി.
വടക്കൻ കർണാടകയിൽ അൻപതിൽ 32 സീറ്റിൽ കോൺഗ്രസ് ജയിച്ചു. തീര മേഖലയും ബംഗളൂരുവും ആണ് ബിജെപിക്ക് ഒപ്പം നിന്നത്. ഈ രണ്ടു മേഖലകളിലെ 47 സീറ്റിൽ 29 എണ്ണം ബിജെപി നേടി. ന്യൂനപക്ഷ മേഖലകളിൽ മിക്കയിടത്തും കോൺഗ്രസിന് അനുകൂലമായി വോട്ടുകളുടെ ഏകീകരണം ഉണ്ടായി.