കേരളം
താനൂരില്‍ സംഭവിച്ചത് വകുപ്പുകളുടെ ഗുരുതര വീഴ്ചകള്‍; നടപടിക്രമങ്ങളെല്ലാം ലംഘിച്ചു, പിഴയടച്ച് തുടരാന്‍ അനുവദിച്ചു
താനൂർ ബോട്ട് ബോട്ട് അപകടത്തിൽ തെളിയുന്നത് വിവിധ വകുപ്പുകളുടെ ഭാഗത്തുണ്ടായ ഗുരുതര വീഴ്ച. നടപടിക്രമങ്ങൾ ലംഘിച്ചിട്ടും പിഴയടച്ച് എല്ലാം മറികടക്കാൻ നാസറിന് വഴിയൊരുങ്ങിയത് ഈ അലംഭാവത്തിലാണ്. അതിനിടെ, ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉന്നതല യോഗം വിളിച്ചു.ഉൾനാടൻ ജലഗതാഗതം സുരക്ഷിതമാക്കാനും ബോട്ടുകളുടെ പ്രവർത്തനക്ഷമത ഉറപ്പാക്കാനുമുള്ള കർശന വകുപ്പുകൾ ഉൾപ്പെടുന്ന 2021ലെ ഇൻലാൻഡ് വെൽസ് ആക്ട്, നിയമം നടപ്പാക്കുന്നു എന്ന് ഉറപ്പാക്കേണ്ട തുറമുഖ വകുപ്പ്, ഇക്കാര്യങ്ങളിൽ മേൽനോട്ടം വഹിക്കേണ്ട മരി ടൈം ബോർഡ്.
എല്ലാം ഉണ്ടായിട്ടും സകല നിയമങ്ങളും നടപടിക്രമങ്ങളും ലംഘിച്ച് താനൂർ സ്വദേശി നാസറിന് എങ്ങനെയാണ് അറ്റ്ലാൻറിക് എന്ന ബോട്ട് തൂവൽ തീരത്ത് സർവീസിന് ഇറക്കാൻ കഴിഞ്ഞത് എന്നാണ് ഉയരുന്ന ചോദ്യം. അനുവദനീയമായതിൽ അധികം ആളുകളെ കയറ്റി അപകടകരമായ രീതിയിൽ ബോട്ട് സർവീസ് നടത്തുന്നത് സംബന്ധിച്ച് പരാതി ഉയർന്നിട്ടും നോക്കിനിന്ന പൊലീസിനും ടൂറിസം വകുപ്പിനുമടക്കം ഈ ദുരന്തത്തിൽ കൂട്ടുത്തരവാദിത്തമുണ്ട് എന്ന് തെളിയിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. തുറമുഖ വകുപ്പിന്റെ മുൻകൂർ അനുമതിയില്ലാതെ മത്സ്യബന്ധന ബോട്ട് ടൂറിസം ബോട്ടാക്കി മാറ്റിയിട്ടും നാസറിന് കുസാറ്റ് ഷിപ്പ് ടെക്നോളജി വിഭാഗത്തിൽ നിന്ന് സ്റ്റെബിലിറ്റി സർട്ടിഫിക്കറ്റ് നേടാനും തുടർന്ന് തുറമുഖ വകുപ്പിൽ നിന്ന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടാനും കഴിഞ്ഞു.
രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിനായി അപേക്ഷ നൽകി കാത്തിരിക്കുന്ന ഘട്ടത്തിലാണ് ദുരന്തം. അപകടം ഉണ്ടായിരുന്നില്ലെങ്കിൽ ഈ ബോട്ടിന് തുറമുഖ വകുപ്പ് വൈകാതെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകുമായിരുന്നു എന്നും ഇതുവരെയുള്ള നടപടികൾ വ്യക്തമാക്കുന്നു. ബോട്ടുകൾ നിർമ്മിക്കേണ്ടത് തുറമുഖ വകുപ്പിന്റെ മുൻകൂർ അനുമതിയോടെ അംഗീകൃത യാർഡുകളിൽ നിന്ന് ആകണമെന്നാണ് നിർദ്ദേശമെങ്കിലും ബോട്ട് നിർമ്മിച്ച ശേഷമാണ് നാസർ നിർമ്മാണം ക്രമപ്പെടുത്താൻ അപേക്ഷ നൽകിയത്. തുടർന്നാണ് 10000 രൂപ പിഴ ഈടാക്കി തുറമുഖ വകുപ്പ് ഇക്കാര്യം ക്രമപ്പെടുത്തിയത്.
നടപടികൾ വേഗത്തിൽ ആക്കുന്നതിന് നാസറിന് രാഷ്ട്രീയ സഹായം ലഭിച്ചെന്ന പരാതിയും നിലനിൽക്കുന്നുണ്ട്. അനുവദനീയമായതിൽ അധികം ആളുകളെ കയറ്റിയും ലൈസൻസ് ഇല്ലാത്ത വ്യക്തികളെ ബോട്ട് ഓടിക്കാൻ ഏൽപ്പിച്ചും അസമയത്ത് പോലും സർവീസ് നടത്താൻ നാസറിന് കഴിഞ്ഞത് ഈ സ്വാധീനത്തിന്‍റെ ബലത്തിൽ എന്നാണ് വിവരം.
ടൂറിസം വകുപ്പ് അടുത്തിടെ തുടക്കമിട്ട താനൂരിലെ ഫ്ലോട്ടിംഗ് ബ്രിഡ്ജിന്‍റെ ചുവടുപിടിച്ചായിരുന്നു തൂവൽ തീരത്ത് ബോട്ട് സർവീസ് തുടങ്ങാൻ നാസർ ഉൾപ്പെടെയുള്ളവർ തീരുമാനിച്ചത്. എന്നാൽ ഇത്തരം കേന്ദ്രങ്ങളിൽ സഞ്ചാരികൾ എത്രത്തോളം സുരക്ഷിതരാണെന്ന് ഉറപ്പാക്കാൻ ടൂറിസം വകുപ്പിനോ ഡിടിപിസിക്കോ കഴിഞ്ഞതുമില്ല. അതിനിടെ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ വിളിച്ച ഉന്നതതല യോഗം നാളെ തിരുവനന്തപുരത്ത് ചേരും.
ബോട്ടുകളുടെ ഫിറ്റ്നസ് ടെസ്റ്റ്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ബോട്ട് ഓടിക്കുന്നവർക്കുള്ള ലൈസൻസ് തുടങ്ങി ഉൾനാടൻ ജലഗതാഗതവുമായി ബന്ധപ്പെട്ട് ഉയർന്നിട്ടുള്ള പരാതികൾ യോഗത്തിൽ പരിശോധിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ വ്യക്തമാക്കി.