ദേശീയം
എൻസിപിയുടെ ദേശീയ അധ്യക്ഷ സ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ച് ശരദ് പവാർ
ശരത് പവാർ എൻസിപി അദ്ധ്യക്ഷ സ്ഥാനമൊഴിഞ്ഞു. മുംബയിൽ ആത്മകഥയുടെ രണ്ടാം പതിപ്പിന്റെ പ്രകാശന ചടങ്ങിലാണ് അപ്രതീക്ഷിത പ്രഖ്യാപനം നടന്നത്. എന്നാൽ, സജീവ രാഷ്ട്രീയം വിടില്ലെന്നും പൊതു പരിപാടികളിലും യോഗങ്ങളിലും പങ്കെടുക്കുന്നത് തുടരുമെന്നും പവാർ പറഞ്ഞു.
പുതിയ അദ്ധ്യക്ഷനെ സുപ്രിയ സുലെ, അജിത് പവാർ, പ്രഫുൽ പട്ടേൽ, ജയന്ത് പാട്ടീൽ, അനിൽ ദേശ്മുഖ് തുടങ്ങിയ മുതിർന്ന നേതാക്കളടങ്ങിയ സമിതി തീരുമാനിക്കും. താൻ രാഷ്ട്രീയ ജീവിതം ആരംഭിച്ചത് 1960 മേയ് ഒന്നിനാണ്. നീണ്ട കാലത്തെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതിക്കുറിച്ച് ചിന്തിക്കേണ്ട സമയമായിരിക്കുന്നു. രാജ്യസഭയിൽ മൂന്ന് വർഷത്തെ കാലാവധിയുണ്ടെന്നും ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും പവാർ പറഞ്ഞു.
എന്നാൽ, തീരുമാനം പിൻവലിക്കണമെന്ന് പാർട്ടി പ്രവർത്തകരും നേതാക്കളും ആവശ്യപ്പെട്ടു. തീരുമാനം പിൻവലിച്ചില്ലെങ്കിൽ വേദി വിടില്ലെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു. മഹാരാഷ്ട്രയിൽ മഹാ വികാസ് അഘാഡി സർക്കാർ രൂപവത്കരിക്കുന്നതിൽ പവാറിന് നിർണായക പങ്കുണ്ട്. 1999ലാണ് എൻസിപി രൂപവത്കരിക്കുന്നത്. അന്ന് മുതൽ ശരത് പവാറായിരുന്നു അദ്ധ്യക്ഷ സ്ഥാനം വഹിച്ചിരുന്നത്. ആരുമായും ആലോചിക്കാതെയാണ് പവാര്‍ രാജി പ്രഖ്യാപിച്ചതെന്ന് മുതിർന്ന എൻസിപി നേതാവ് പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.