ദേശീയം
തൂക്കിലേറ്റിയുള്ള വധശിക്ഷ ഒഴിവാക്കുന്നത് പഠിക്കാൻ കമ്മിറ്റി പരിഗണനയിലെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ
തൂക്കിലേറ്റിയുള്ള വധശിക്ഷ ഒഴിവാക്കുന്നത് പഠിക്കാൻ കമ്മിറ്റി പരിഗണനയിലെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ. വധശിക്ഷ നടപ്പാക്കുന്നതിന് ബദൽ മാർഗം ആരായണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് കേന്ദ്രസർക്കാർ കോടതിയെ ഇക്കാര്യം അറിയിച്ചത്. ഇക്കാര്യം ചർച്ചയിലെന്ന് അറ്റോണി ജനറൽ പറഞ്ഞു. ഹർജി സുപ്രീം കോടതി ജൂലൈയിലേക്ക് മാറ്റി.
തൂക്കിലേറ്റാതെ വധശിക്ഷ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള, അഭിഭാഷകനായ റിഷി മൽഹോത്രയുടെ ഹർജിയിലാണ് കേന്ദ്രം സുപ്രീം കോടതിയിൽ അറിയിച്ചത്. തൂക്കിക്കൊല്ലുന്നത് മനുഷ്യത്വരഹിതവും വേദനാജനകവുമാണെന്നാണ് റിഷി മൽഹോത്ര കോടതിയിൽ വാദിച്ചിരുന്നത്.
തൂക്കിലേറ്റാതെ വധശിക്ഷ നടപ്പാക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ സമിതി രൂപീകരിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നേരത്തേ വ്യക്തമാക്കിയിരുന്നു. തൂക്കിലേറ്റിയല്ലാതെ വധശിക്ഷ നടപ്പാക്കാൻ മറ്റു വഴികൾ ഇല്ല എന്നാണ് കേന്ദ്രം നേരത്തെ കോടതിയെ അറിയിച്ചിരുന്നത്.