ദേശീയം
അപൂർവരോഗങ്ങളുടെ മരുന്നുകൾക്കുള്ള ഇറക്കുമതി തീരുവ ഒഴിവാക്കി കേന്ദ്രസർക്കാർ
അപൂർവ രോഗങ്ങളുടെ മരുന്നുകൾക്കും ചികിത്സാ ആവശ്യങ്ങൾക്കായുള്ള ഭക്ഷണ സാധനങ്ങൾക്കും ഇറക്കുമതി തീരുവ പൂർണമായും ഒഴിവാക്കി കേന്ദ്രസർക്കാർ. ദേശീയ അപൂർവരോഗ നയത്തിന്റെ പട്ടികയിലുള്ള 51 രോഗങ്ങളുടെ മരുന്നുകൾക്കാണ് ധനമന്ത്രാലയം നികുതി പൂർണമായും ഒഴിവാക്കിയത്. ഇതുവഴി വർഷത്തിൽ പത്ത് ലക്ഷം മുതൽ ഒരു കോടി രൂപവരെ ചികിത്സാ ചിലവ് ലാഭിക്കാനാകുമെന്നാണ് പ്രതീക്ഷ.
അപൂർവരോഗം ബാധിച്ച് വലയുന്നവർക്ക് വലിയ സഹായമാകുന്ന നിർണായക നടപടിയാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. 2021 ലെ അപൂർവ രോഗ ദേശീയ നയത്തിന്റെ ഭാഗമായുള്ള രോഗങ്ങളുടെ പട്ടികയിലെ 51 ഇനം രോഗങ്ങൾക്കുള്ള മരുന്നുകളെയാണ് ഇറക്കുമതി തീരുവയിൽനിന്നും പൂർണമായും ഒഴിവാക്കിയിരിക്കുന്നത്. ഏപ്രിൽ 1 മുതൽ ഇത് പ്രാബല്യത്തിൽവരും. ഇളവ് ലഭിക്കുന്നതിനായി ആവശ്യക്കാർ ഹെൽത്ത് ഡയറക്ടറുടെയോ ജില്ലാ മെഡിക്കൽ ഓഫീസർ അല്ലെങ്കിൽ സിവിൽ സർജന്റെയോ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി. മരുന്നുകൾക്ക് നിലവിൽ 10 ശതമാനമാണ് ഇറക്കുമതി തീരുവ. ജീവൻ രക്ഷാ മരുന്നുകൾക്കും വാക്സിനുകൾക്കും 5 ശതമാനം വരെയും തീരുവയുണ്ട്.
അപൂർവരോഗം ബാധിച്ച കുട്ടികൾക്ക് വേണ്ടി ഇത്തരത്തിലുള്ള മരുന്നുകൾക്കും ചികിത്സാ ആവിശ്യങ്ങൾക്കായുള്ള ഭക്ഷണ സാധനങ്ങൾക്കും 10 ലക്ഷം മുതൽ ഒരു കോടി രൂപവരെ വർഷം ചെലവിടേണ്ടി വരുന്നുവെന്നാണ് കേന്ദ്രസർക്കാർ വിലയിരുത്തൽ. ഈ തുകയാണ് ഇനി ലാഭിക്കാനാകുക. സ്പൈനൽ മസ്കുലർ അട്രോഫിയടക്കമുള്ള രോഗങ്ങളുടെ മരുന്നുകൾക്കുള്ള തീരുവയിൽ നേരത്തെ തന്നെ കേന്ദ്രം ഇളവ് നൽകിയിരുന്നു. മറ്റ് മരുന്നുകൾക്കും നികുതിയിളവ് നൽകണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിലാണ് തീരുമാനം.