കേരളം
ലൈഫ് മിഷൻ കേസിൽ യുവി ജോസ് വീണ്ടും ഇഡി ഓഫീസിൽ
ലൈഫ് മിഷൻ അഴിമതി കേസിൽ മുൻ സിഇഒ യു വി ജോസ് വീണ്ടും ഇഡി ഓഫീസിൽ ഹാജരായി. കഴിഞ്ഞയാഴ്ചയും രണ്ടു തവണയായി യുവി ജോസിന്റെ മൊഴി എൻഫോഴ്സമെന്റ് എടുത്തിരുന്നു.
കേസിൽ അറസ്റ്റിലായ സന്തോഷ് ഈപ്പനെ യുവി ജോസിന് പരിചയപ്പെടുത്തിയത് ശിവശങ്കറാണെന്ന് കഴിഞ്ഞ ദിവസം യു വി ജോസ് മൊഴി നൽകിയിരുന്നു. സന്തോഷ് ഈപ്പന്റെ അറസ്റ്റിന് പിന്നാലെയാണ് യു വി ജോസിനെ വീണ്ടും ചോദ്യംചെയ്യലിന് വിളിച്ച് വരുത്തിയത്.
അതേ സമയം, ലൈഫ് മിഷൻ അഴിമതി കേസിൽ അറസ്റ്റിലായ യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ ഇന്ന് കൊച്ചിയിലെ കോടതിയിൽ ഹാജരാക്കും. ഇന്നലെ രാത്രിയാണ് സന്തോഷ് ഈപ്പന്റെ അറസ്റ്റ് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് രേഖപ്പെടുത്തിയത്. ലൈഫ് മിഷൻ പദ്ധതിയിൽ വടക്കാഞ്ചേരി പദ്ധതിയുടെ കരാറുകാരനായിരുന്നു യൂണിടാക് ഉടമയായ സന്തോഷ് ഈപ്പൻ.
യുഎഇയിലെ സന്നദ്ധ സംഘടനയായ റെഡ് ക്രസന്റിൽ നിന്ന് ലഭിച്ച 20 കോടിയോളം രൂപയിൽ നിന്ന് നാലരക്കോടിയോളം രൂപയാണ് കമ്മീഷനായി സന്തോഷ് ഈപ്പൻ എത്തിച്ച് നൽകിയത്. ഈ കള്ളപ്പണ ഇടപാടിലാണ് ഇ ഡിയുടെ അറസ്റ്റ്. യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥൻ ഖാലിദ് അടക്കമുള്ളവർക്ക് ഡോളറാക്കി മാറ്റിയാണ് കള്ളപ്പണം കൈമാറിയതെന്നും വ്യക്തമായിട്ടുണ്ട്. നേരത്തെ സ്വപ്ന സുരേഷ് നൽകിയ മൊഴിയുടെ കൂടി പശ്ചാത്തലത്തിലാണ് സന്തോഷ് ഈപ്പന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.