കേരളം
കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; പേടിയില്ലാതെ സ്വർണകടത്തുകാർ
ദുബായിയില്‍ നിന്നും,ദോഹയില്‍ നിന്നുമായെത്തിയ രണ്ട് യാത്രക്കാരില്‍ നിന്നാണ് 1.1 കോടി രൂപ വില മതിക്കുന്ന സ്വര്‍ണ്ണം പിടികൂടിയത്. ദുബായിയിലേക്ക് പോകാനെത്തിയ വടകര സ്വദേശിയില്‍ നിന്നാണ് രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച വിദേശ കറന്‍സി പിടിച്ചെടുത്തത്. ഇന്നലെ രാത്രി ദുബായിയിൽ നിന്നും, ദോഹയിൽ നിന്നും കരിപ്പൂർ വിമാനത്താവളം വഴി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഏകദേശം 1.1 കോടി രൂപ വില മതിക്കുന്ന 2 കിലോഗ്രാമോളം സ്വർണം കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ മലപ്പുറം, കോഴിക്കോട് ജില്ലക്കാരായ രണ്ടു യാത്രക്കാരിൽ നിന്നുമായാണ് പിടികൂടിയത്.
എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ ദോഹയിൽ നിന്നും എത്തിയ താമരശ്ശേരി സ്വദേശിയായ രായരുകണ്ടി റാഷികിൽ നിന്നും 1066 ഗ്രാമും , സ്‌പൈസ് ജെറ്റ് എയർലൈൻസ് വിമാനത്തിൽ ദുബായിൽ നിന്നും എത്തിയ മലപ്പുറം അരീക്കോട് സ്വദേശിയായ പാമ്പോടൻ മുനീറിൽ നിന്നും 1078 ഗ്രാമും തൂക്കം വരുന്ന നാലു ക്യാപ്സൂളുകൾ വീതമാണ് കസ്റ്റംസ് പിടികൂടിയത്.
കള്ളക്കടത്തു സംഘം വാഗ്ദാനം ചെയ്ത ചെറിയൊരു പ്രതിഫലത്തിന് വേണ്ടിയാണ് ഈ യാത്രക്കാർ സ്വർണക്കടത്തിനു കൂട്ടുനിന്നതെന്നാണ് ഇരുവരും ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയത്.
ഇതുമായി ബന്ധപ്പെട്ട് കസ്റ്റംസ് സമഗ്ര അന്വേഷണം നടത്തിവരുകയാണ്. കൂടാതെ സ്‌പൈസ് ജെറ്റ് എയർ ലൈൻസ് വിമാനത്തിൽ ദുബായിലേക്ക് പോകുവാനെത്തിയ വടകര സ്വദേശിയായ മാദലൻ സെർബീൽ ബാഗിനുള്ളിൽ ഒളിപ്പിച്ചു വിദേശത്തേക്ക് കടത്തുവാൻ ശ്രമിച്ച ഏകദേശം 8 ലക്ഷം രൂപയ്ക്കു തുല്യമായ 2585 ഒമാൻ റിയാലും 1035 കുവൈത്തി ദിനാറും മതിയായ രേഖകളില്ലാത്തതിനാൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി.
ഈ വർഷം ജനുവരി ഒന്നുമുതൽ നാളിതുവരെ 82 കേസുകളിലായി ഏകദേശം 35 കോടി രൂപ വിലമതിക്കുന്ന 65 കിലോഗ്രാമോളം സ്വർണ്ണം കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും എയർ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയിട്ടുണ്ട്.
ഈ 82 കേസുകളിൽ 25 എണ്ണം രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലും, മറ്റുള്ളവ ഉദ്യോഗസ്ഥർ നടത്തിയ വിശദ പരിശോധനകളുടെ അടിസ്ഥാനത്തിലുമാണ് പിടികൂടിയിട്ടുള്ളത്.