കേരളം
ബ്രഹ്മപുരത്തെ തീയണഞ്ഞു; മൗനം വെടിയാനൊരുങ്ങി മുഖ്യമന്ത്രി
ബ്രഹ്മപുരം തീപിടിത്തതില്‍ നിയമസഭയില്‍ പ്രത്യേക പ്രസ്താവന നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്. ചട്ടം 300 പ്രകാരം നാളെ മുഖ്യമന്ത്രി സഭയില്‍ പ്രസ്താവന നടത്തും. വിഷയത്തില്‍ ഇതുവരെയും മുഖ്യമന്ത്രി പ്രതികരിച്ചിരുന്നില്ല. തീയണയ്ക്കാന്‍ പരിശ്രമിച്ച അഗ്നിരക്ഷാ സേനാംഗങ്ങളെ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അഭിനന്ദിച്ചിരുന്നു.
12 ദിവസം നീണ്ടുനിന്ന ശ്രമത്തിനൊടുവില്‍ തീ പൂര്‍ണമായി കെടുത്തിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി പ്രതികരണം നടത്താനൊരുങ്ങുന്നത്. നിയമസഭയില്‍ പ്രതിപക്ഷം വിഷയം ഉയര്‍ത്തി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.
ബ്രഹ്മപുരം തീപിടിത്തതില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. ഇന്ന് കേസ് പരിഗണിച്ച ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചു. മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട് ജനങ്ങളെ ഇനിയും ബുദ്ധിമുട്ടിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇപ്പോഴത്തെ സാഹചര്യത്തില്‍ മാറ്റമുണ്ടാകണം. മാലിന്യ സംസ്കരണത്തിന് കുട്ടികള്‍ക്ക് പരീശീലനം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.