കേരളം
വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ല, പെൻഷൻ പദ്ധതിയിൽ നിന്നും 12.5 ലക്ഷം ആളുകൾ പുറത്ത്
വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കത്തതിനെ തുടർന്ന് സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതിയിൽ നിന്നും 12.5 ലക്ഷത്തോളം പേർ പുറത്ത്. പെൻഷന് അർഹമായതിനെക്കാൾ കൂടുതൽ വരുമാനമുള്ളത് കൊണ്ടാകാം ഇവർ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാതിരുന്നതെന്നാണ് എന്നാണ് വിലയിരുത്തൽ. ഒരു ലക്ഷം രൂപയ്‌ക്ക് മുകളിൽ വാർഷിക വരുമാനമുള്ളവർക്ക് ക്ഷേമപെൻഷന് അർഹതയില്ല.
സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവർക്ക് മാർച്ച് 23 മുതലുള്ള പെൻഷൻ അനുവദിക്കില്ല. 40 ലക്ഷം പേർ ഇതുവരെ വരുമാന സർട്ടിഫിറ്റ് ഹാജരാക്കിയിരുന്നു. 1600 രൂപ വീതം 52.5 ലക്ഷത്തോളം ആളുകളാണ് സംസ്ഥാന സർക്കാരിന്റെ ക്ഷേമ പെൻഷൻ വാങ്ങിയിരുന്നത്. ഫെബ്രുവരി 28 ആയിരുന്നു സർട്ടിഫിക്കറ്റ് നൽകാനുള്ള അവസാന തീയതി.
പെൻഷൻ വാങ്ങുന്നവരുടെ എണ്ണം കുറഞ്ഞതോടെ സർക്കാരിന് മാസം 192 കോടിയുടെ ചെലവ് കുറയുമെന്നാണ് റിപ്പോർട്ട്. ഉയർന്ന വരുമാനമുള്ളവരും ക്ഷേമ പെൻഷൻ വാങ്ങുന്നതായി ശ്രദ്ധയിൽപെട്ടിരുന്നു. ഇതോടെയാണ് വരുമാന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്. വിവാഹിതരായ മക്കളുടെ വരുമാനം ഒഴിവാക്കി ബാക്കിയുള്ള തുക വ്യക്തിയുടെ കുടുംബവാർഷിക വരുമാനമായി കണക്കാക്കമെന്നായിരുന്നു സർക്കാർ നിർദേശം.